വരാപ്പുഴ സംഭവത്തില്‍ എ.പി എ.വി ജോര്‍ജ്ജിന്റെ വീഴ്ചകള്‍ സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം തേടിയിട്ടുണ്ട്, അല്ലാതെ എസ്.പിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ മുന്‍ എസ്.പി എ.വി ജോര്‍ജ്ജിനെ പ്രതി ചേര്‍ക്കേണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡി.ജി.പി) നിയമോപദേശം നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എ.വി ജോര്‍ജിനെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എസ്.പിയുടെ വീഴ്ചകള്‍ സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്ത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം തേടിയിയിരുന്നു. അന്വേഷണസംഘം നിയമോപദേശം തേടുന്നത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
'വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണ കേസില്‍ ആലുവാ റൂറല്‍ എസ്.പി.യെ പ്രതി ചേര്‍ക്കേണ്ടതില്ലായെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം ലഭിച്ചിരിക്കുകയാണെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ വി.ഡി സതീശന്‍ ആരോപിച്ചിരുന്നു. ഇതോടെ കേസിലെ യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യം സംജാതമായിരിക്കുകയാണ്. കേസന്വേഷണം പൂര്‍ണ്ണമായി അട്ടിമറിക്കപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തുടര്‍ന്നാണ് ആഭ്യന്തരവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി മറുപടി നല്‍കിയത്. അന്വേഷണം നടന്നുവരികയാണ്. ആരുടെയെങ്കിലും പങ്ക് സംബന്ധിച്ച് അന്വേഷണ സംഘത്തിന് തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ അവരുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അവര്‍ക്ക് പൂര്‍ണ്ണ അധികാരമുണ്ട്. ഇതില്‍ സര്‍ക്കാര്‍ ഇടപെടുന്ന പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച് നിയമോപദേശം തേടാന്‍ സംസ്ഥാനത്ത് ആധികാരികമായി അവകാശമുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടാണ് നിയപോദേശം തേടിയിട്ടുള്ളത്. അന്വേഷണത്തിലോ നിയമോപദേശത്തിലോ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. മാത്രമല്ല, ഇക്കാര്യങ്ങളെല്ലാം ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്. നാളെ ഇതു സംബന്ധിച്ച കേസ് പരിഗണനക്ക് വരികയാണ്.
കോടതി പരിഗണിച്ചുകൊണ്ടിരിക്കുന്ന കേസിനെ സംബന്ധിച്ച് കൂടുതല്‍ അഭിപ്രായം പറയുന്നതും ചര്‍ച്ച ചെയ്യുന്നതും അഭികാമ്യമല്ല. നിലവില്‍ ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെ 11 ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുകയും വകുപ്പ്തല അന്വേഷണം തുടരുകയും ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിലുള്‍പ്പെട്ട പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി എന്ന നിലയില്‍ വീഴ്ചവരുത്തിയ എ.വി ജോര്‍ജിനെതിരെ പ്രത്യേക റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം മാറ്റുകയും തുടര്‍ന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























