സർക്കുലറുകൾ ഇറക്കിയത്കൊണ്ടോ ശാസിച്ചതുകൊണ്ടോ പോലീസ് മാറില്ല ; പിണറായി വിജയൻ സർക്കാരിനെ ഏറെ പഴി കേൾപ്പിച്ച പോലീസ് സേന വിഭാഗത്തിന്റെ തലപ്പത്ത് നിന്നും ബെഹ്‌റ തെറിക്കുമോ ?

പിണറായി വിജയൻ സർക്കാരിനെ ഏറെ പഴി കേൾപ്പിച്ച വിഭാഗമാണ് സംസ്ഥാന പോലീസ് സേന. പോലീസ് സേനയിൽ ഉണ്ടായ വിവാദങ്ങൾ സർക്കാരിനെ പലപ്പോഴും പ്രതിക്കൂട്ടിലാക്കി. സി പി എമ്മിനും ഈ കാര്യത്തിൽ കടുത്ത അതൃപ്തി ഉണ്ട്. അതുകൊണ്ട് തന്നെയാണ് പാർട്ടിക്കുകൂടി സമ്മതനായ ഒരാളെ സംസ്ഥാന പോലീസ് മേധാവി ആക്കാനുള്ള നീക്കം നടക്കുന്നത്.
സംസ്ഥാന പോലീസ് സേന സി പി എമ്മിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. സർക്കുലറുകൾ ഇറക്കിയത്കൊണ്ടോ ശാസിച്ചതുകൊണ്ടോ പോലീസ് മാറില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പാർട്ടിയോട് അടുത്ത് നിൽക്കുന്ന ഒരാളെ പോലീസ് മേധാവിയാക്കണമെന്നാണ് മിക്കവരുടെയും ആവശ്യം. നിലവിൽ ഫയർഫോഴ്‌സ് മേധാവിയായ എ ഹേമചന്ദ്രന്റെ പേരാണ് ഇത്തരത്തിൽ ഉയർന്ന് കേൾക്കുന്നതും. സർക്കറിന്റെ തല പറത്താറുള്ള ജേക്കബ് തോമസ് ആണ് മറ്റൊരു സാധ്യത. പക്ഷെ വടികൊടുത്ത് അടിവാങ്ങാൻ പിണറായി വിജയൻ തയ്യാറായേക്കില്ല.
സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പലകുറി ഉയർന്ന് കേട്ട ഋഷിരാജ് സിംഗിന്റെ പേര് ഇത്തവണയും ഉയർന്ന് വന്നെങ്കിലും ചർച്ചയാകാൻ സാധ്യതയില്ല. സംസ്ഥാന പോലീസിൽ നിന്ന് കേന്ദ്ര സർവീസിലേക്ക് പോകുന്ന ഉദ്യോഗസ്ഥരുടെ പട്ടികയിൽ ഇടം പിടിച്ചത് കാരണമാണ് ഋഷി രാജിനെ പരിഗണിക്കാതിരിക്കുന്നത്. കൂടാതെ സർക്കാരിന് ഋഷി രാജ് സിംഗിന്റെ കാര്യത്തിൽ വലിയ താല്പര്യവുമില്ല. എന്തായാലും സംസ്ഥാന പോലീസ് സേനയ്ക്ക് സംഭവിച്ച കളങ്കം മാറണമെങ്കിൽ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് ലോക്നാഥ് ബെഹ്‌റ മാറണം എന്നുതന്നെയാണ് പാർട്ടിപ്രവർത്തകരുടെ അടക്കം നിലപാട്.
https://www.facebook.com/Malayalivartha
























