ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ എറണാകുളത്തെ വലിയ സഖാവിനെ രക്ഷിക്കാനാണ് എസ്.പി എ.വി ജോര്‍ജ്ജിനെ സി.പി.എം സംരക്ഷിക്കുന്നതെന്ന് പ്രതിപക്ഷനേതാവ്, എസ്.പിയുടെ ഫോണ്‍ രേഖകള്‍ ഇതുവരെ പരിശോധിച്ചിട്ടില്ല

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിന് കാരണക്കാരനായ വലിയ സഖാവ് ആരാണെന്ന് സി.പി.എമ്മിന് അറിയാമെന്നും അതുകൊണ്ടാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എസ്.പിയെ പ്രതിയാക്കാന്‍ തയ്യാറാകാത്തത് വലിയ സഖാവിനെ രക്ഷിക്കാനാണ്. എസ്.പിയുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണം. കേസ് അട്ടിമറിക്കാനാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ സഹായം തേടിയത്. പാര്‍ട്ടിയിലെ ഉന്നതനെ രക്ഷിക്കാന്‍ സി.പി.എം ഇടപെടുന്നു. അതിനാല്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് നിയമസഭയില്‍ ആവശ്യപ്പെട്ടു.
അന്വേഷണത്തില്‍ ശ്രീജിത്തിന്റെ കുടുംബം സംതൃപ്തരാണെന്നും അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കോടതി ഇടപെടട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. തുടര്‍ന്ന് നിയമസഭ ബഹിഷ്‌ക്കരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കേസിലെ സി.പി.എം ഇടപെടലിനെ കുറിച്ച് പ്രതിപക്ഷനേതാവ് വലിയസഖാവ് എന്ന ആക്ഷേപം ഉന്നയിച്ചത്. അന്വേഷണത്തില്‍ ശ്രീജിത്തിന്റെ കുടുംബത്തിന് സംതൃപ്തിയുണ്ടെങ്കില്‍ അവരെന്തിനാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ പോയതെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
വരാപ്പുഴയിലെ സി.പി.എം ഏര്യാ സെക്രട്ടറിയെ വരെ ചോദ്യം ചെയ്തപ്പോള്‍ അന്വേഷണം നിലച്ചു. പൊലീസുകാര്‍ പ്രതിയായ കേസുകള്‍ പൊലീസ് തന്നെ അന്വേഷിക്കരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ട്, അത് പാലിക്കണം. ശ്രീജിത്തിന്റെ കേസില്‍ എസ്.ഐയ്ക്കും ആര്‍.ടി.എഫുകാര്‍ക്കും ജാമ്യം കിട്ടി. എസ്.പിയെ രക്ഷിക്കാനാണ് ഇപ്പോള്‍ സി.പി.എം ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട ഒരു സി.പി.എം നേതാവിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പൊലീസ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തെന്ന് തുടക്കത്തിലേ ആക്ഷേപം ഉണ്ടായിരുന്നു. അന്നും ചെന്നിത്തല ഇക്കാര്യം ആരോപിച്ചിരുന്നു. അത് അടിസ്ഥാനരഹിതമാണെന്ന് എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി.രാജീവ് വ്യക്തമാക്കിയിരുന്നു. വരാപ്പുഴ ദേവസ്വംപാടത്ത് വാസുദേവന്‍ എന്നയാള്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ശ്രീജിത്തിനെ റൂറല്‍ എസ്.പി ആയിരുന്ന എ.വി ജോര്‍ജ്ജിന്റെ ടൈഗര്‍ ഫോഴ്‌സ് രാത്രി ആളുമാറി കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചത്.
ശ്രീജിത്ത് കേസിലെ പ്രതിയാണെന്നാണ് അന്ന് എ.വി ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ശ്രീജിത്തിനെതിരെ പൊലീസ് കള്ളമൊഴി ഉണ്ടാക്കുകയും ചെയ്തു. ഇക്കാര്യം വാസുദേവന്റെ മകന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായിരുന്ന ദേവസ്വംപാടത്ത് കഴിഞ്ഞ തവണ ബി.ജെ.പിയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. സി.പി.എമ്മില്‍ നിന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന ശ്രീജിത്ത് ഉള്‍പ്പെടെയായിരുന്നു അതിന് കാരണക്കാരെന്ന് പ്രാദേശിക സി.പി.എം നേതൃത്വം ആക്ഷേപിച്ചിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha
























