മെഡിക്കല്‍ പ്രവേശനം സുഗമമായി നടത്താന്‍ സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റുമായി സര്‍ക്കാര്‍ ധാരണ

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനം സുഗമമായി നടത്താന്‍ സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റുമായി സര്‍ക്കാര്‍ ധാരണയിലെത്തി. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷയില്‍ സ്വാശ്രയ മാനേജുമെന്റുകളുമായി നിയമസഭാ ഹാളില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. മെഡിക്കല്‍ അലോട്ട്‌മെന്റ് സുഗമമായി നടത്താന്‍ എല്ലാ പിന്തുണയും മാനേജ്‌മെന്റ് വാഗ്ദാനം ചെയ്തു.
പൊതുവിഭാഗത്തില്‍ കഴിഞ്ഞവര്‍ഷം മാനേജുമെന്റുകള്‍ സര്‍ക്കാരിന് വിട്ടുനല്‍കിയ സീറ്റുകള്‍ അതുപോലെ നിലനിര്‍ത്താന്‍ തീരുമാനമായി. നൂനപക്ഷ കോളേജുകളില്‍ ചില കോളേജുകള്‍, സീറ്റ് മെട്രിക് പൊതുവിഭാഗത്തില്‍ കുറവുവരുത്തിയായിരുന്നു സര്‍ക്കാരില്‍ സമര്‍പ്പിച്ചിരുന്നത്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് ഇത് കഴിഞ്ഞ വര്‍ഷത്തേതിന് തുല്ല്യമാക്കാമെന്ന് മാനേജുമെന്റുകള്‍ ഉറപ്പുനല്‍കി.
സ്വാശ്രയ കോളേജുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍ അവര്‍ മന്ത്രിയുമായി ചര്‍ച്ച ചെയ്തു. ഫീസ് ഘടനയില്‍ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത പല മാനേജുമെന്റുകളും പറഞ്ഞുവെങ്കിലും നീറ്റ് മെറിറ്റിന്റേയും സുപ്രീം കോടതി വിധിയുടേയും അടിസ്ഥാനത്തില്‍ മാത്രമേ മുന്നോട്ട് പോകാന്‍ കഴിയുകയുള്ളുവെന്ന് മന്ത്രി വ്യക്തമാക്കി. ഫീസ് റഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഫീസില്‍ മാറ്റം വരുത്താന്‍ കഴിയില്ല. മാത്രമല്ല പ്രോസ്പറ്റോസില്‍ പറയുന്ന കാര്യങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്. അതിലൊരുമാറ്റവും വരുത്താന്‍ കഴിയില്ല. കോളേജുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുന്നതാണ്. പ്രവേശന സമയത്ത് എന്‍ട്രന്‍സ് കമ്മീഷണര്‍ മുമ്പാകെ അടയ്ക്കുന്ന ഫീസ് മാനേജുമെന്റുകള്‍ക്ക് ലഭിക്കാന്‍ വൈകുന്നുവെന്ന പരാതി ഉന്നയിക്കപ്പെട്ടതിനെ തുടര്‍ന്ന് കാലതാമസം കൂടാതെ ലഭിക്കാനുള്ള നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. അതുപോലെ തന്നെ എസ്.എസി., എസ്.ടി. വിഭാഗത്തിലുള്ള ഫീസ് കോളേജുകള്‍ക്ക് യഥാസമയം ലഭിക്കുന്നില്ലെന്നും കുടിശികയുണ്ടെന്നും മാനേജ്‌മെന്റുകള്‍ പറഞ്ഞു. ഇക്കാര്യം കോളേജുകള്‍ എഴുതിത്തരുന്ന മുറയ്ക്ക് പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
എം.സി.ഐ. അംഗീകാരം നഷ്ടപ്പെട്ട കോളേജുകള്‍ അംഗീകാരം നേടിയെടുക്കാന്‍ ശ്രമം നടത്തി വരുന്നതായി സ്വാശ്രയ മാനേജുമെന്റുകള്‍ യോഗത്തെ അറിയിച്ചു.
സ്വാശ്രയ കോളേജുകളിലെ സമര്‍ത്ഥരായവരും എന്നാല്‍ സാമ്പത്തികമായി വളരെയധികം പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ എം.ബി.ബി.എസ്. വിദ്യാത്ഥികള്‍ക്ക് പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് നല്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി അഡ്മിഷന്‍ & ഫീ റെഗുലേറ്ററി കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോര്‍പസ് ഫണ്ട് രൂപീകരിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നതായും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്., എന്‍ട്രന്‍സ് കമ്മീഷണര്‍ പി.കെ. സുധീര്‍ബാബു ഐ.എ.എസ്., മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, ജോ. ഡയറക്ടര്‍ ഡോ. ശ്രീകുമാരി മെഡിക്കല്‍ മാനേജ്‌മെന്റ് ഭാരവാഹികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























