സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കുമെന്ന് നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക്, പഠിക്കാന്‍ ജഡ്ജി അടങ്ങുന്ന സമിതി

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതി പുനഃപരിശോധിക്കുന്നതിനായി ജഡ്ജി അടങ്ങുന്ന സമിതിയെ നിയോഗിക്കുമെന്നും പ്രത്യാഘാതങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു. ഈ സര്‍ക്കാരിന്റെ കാലത്ത് അഞ്ചു സ്ഥാപനങ്ങളില്‍കൂടി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് ധനമന്ത്രി കഴിഞ്ഞ ദിവസം സഭയില്‍ പറഞ്ഞിരുന്നു.
ഏപ്രില്‍ വരെ ജീവനക്കാരുടെ വിഹിതവും തത്തുല്യ സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് ആകെ 908 കോടി രൂപയാണു പദ്ധതി പ്രകാരം അടയ്‌ക്കേണ്ടത്. പദ്ധതി ആരംഭിച്ച 2013 ഏപ്രില്‍ മുതല്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ഓരോ ജീവനക്കാരന്റെയും പെന്‍ഷന്‍ അക്കൗണ്ടിലേക്കു ജീവനക്കാരന്റെ അടിസ്ഥാനശമ്പളവും ക്ഷാമബത്തയും ചേരുന്ന തുകയുടെ 10 ശതമാനവും തത്തുല്യ സര്‍ക്കാര്‍ വിഹിതവും ചേര്‍ന്ന തുകയാണ് പ്രതിമാസം അടയ്‌ക്കേണ്ടത്.
മാര്‍ച്ച് വരെ 89,764 ജീവനക്കാര്‍ എന്‍പിഎസ് പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട്. ഇതില്‍ 70,257 പേര്‍ സര്‍ക്കാര്‍ ജീവനക്കാരാണെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന ജീവനക്കാരുടെ പെന്‍ഷനു മാസം തോറും 1645 കോടി രൂപയും വിവിധ ക്ഷേമ പെന്‍ഷനുകള്‍ക്കായി മാസം തോറും 535 കോടി രൂപയും ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























