ഉരുട്ടിക്കൊല: ഉദയകുമാറിന്റെ ഇരുതുടയിലെയും ആറിഞ്ച് താഴ്ചയുള്ള രക്തധമനി പൊട്ടി, മുഖം മുതല്‍ ഉപ്പൂറ്റി വരെയുള്ള പരിക്കുകള്‍ ജിഐ പൈപ്പു കൊണ്ടും ചൂരല്‍ , ലാത്തി എന്നിവ കൊണ്ടാണെന്നും ഫോറന്‍സിക് സര്‍ജന്‍ കോടതിയില്‍ മൊഴി നല്‍കി

തിരുവനന്തപുരം ഫോര്‍ട്ട് സ്‌റ്റേഷനില്‍ ഉദയകുമാര്‍ എന്ന യുവാവിനെ ഉരുട്ടിക്കൊന്ന കേസില്‍ പ്രതികളായ പൊലിസ് ഉേദ്യാഗസ്ഥര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു. ഉദയകുമാറിനെ കസ്റ്റഡിയില്‍ എടുത്തതിനും സ്‌റ്റേഷനില്‍ വെച്ച് ഉരുട്ടിക്കൊന്നതിനും കൊലപാതകം മറച്ചു വെക്കാനായി കള്ളത്തെളിവുകള്‍ ഉണ്ടാക്കിയതിനും വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും സി ബി ഐ വാദിച്ചു. മൊഴികളും ശാസ്ത്രീയമായ തെളിവുകളും പ്രാമാണിക തെളിവുകളും കോടതി മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. തിരുവനന്തപുരം സിബിഐ ജഡ്ജി ജെ.നാസര്‍ മുമ്പാകെ നടക്കുന്ന അന്തിമവാദത്തിനിടെയാണ് പ്രോസിക്യൂട്ടര്‍ മനോജ് കുമാര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.
ദൃക്‌സാക്ഷിയായ സുരേഷ് കുമാറിന്റെ കൂറുമാറ്റം പ്രോസിക്യൂഷന്‍ കേസിനെ ബാധിക്കില്ലെന്നും സിബിഐ കോടതിയില്‍ വാദിച്ചു. കൊല നടന്നതു മുതല്‍ പിറ്റേന്ന് രാവിലെ 9.45 മണിയ്ക്ക് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് എന്‍. രവിശങ്കര്‍ മുമ്പാകെ ചേംബറില്‍ ഹാജരാക്കുന്നത് വരെ പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു സുരേഷ് കുമാര്‍. ബാഹ്യപ്രേരണ കൂടാതെയാണ് സുരേഷ് കുമാര്‍ നടന്ന സംഭവങ്ങള്‍ മജിസ്‌ട്രേട്ടിനോട് വിവരിച്ചത്. തുടര്‍ന്ന് മജിസ്‌ട്രേട്ട് ചേംബറില്‍ നിന്നും അകമ്പടി പോലീസുകാരെ പുറത്തിറക്കിയ ശേഷമാണ് സുരേഷ് കുമാറിന്റെ മൊഴി വിശദമായി രേഖപ്പെടുത്തിയത്.
തുടര്‍ന്ന് ജയിലില്‍ നടത്തിയ തിരിച്ചറിയില്‍ പരേഡില്‍ തന്നെയും ഉദയുമാറിനെയും ദേഹോപദ്രവം ഏല്‍പ്പിച്ച പോലീസുകാരെ തിരിച്ചറിഞ്ഞ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് രാധാകൃഷ്ണനോട് പ്രതികളെ ചൂണ്ടിക്കാട്ടി പറഞ്ഞു കൊടുത്തിട്ടുള്ളതായും സിബിഐ വാദിച്ചു. കൂടാതെ സുരേഷ് കുമാര്‍ ജുഡീഷ്യല്‍ മജിസ്‌ടേട്ട് മുമ്പാകെ നടന്ന സംഭവങ്ങള്‍ വിവരിച്ച് രഹസ്യ മൊഴി കൊടുത്തിട്ടുണ്ട്. അന്ന് മജിസ്‌ട്രേട്ടിന്റെ ചോദ്യത്തിന് മറുപടിയായി ഭയയോ ഭീഷണിയോ ബാഹ്യ പ്രേരണയോ കൂടാതെ സത്യസന്ധമായാണ് മൊഴി നല്‍കുന്നതെന്നാണ് സുരേഷ് കുമാര്‍ പറഞ്ഞത്.
ഉദയുമാറിന്റെ ഇരുതുടയിലെയും ആറിഞ്ച് താഴ്ചയുള്ള രക്തധമനി പൊട്ടിയുള്ള പരിക്കുകള്‍ ഉള്‍പ്പടെ, മുഖം മുതല്‍ ഉപ്പൂറ്റി വരെയുള്ള പരിക്കുകള്‍ ജിഐ പൈപ്പു കൊണ്ടും ചൂരല്‍ , ലാത്തി എന്നിവ കൊണ്ടാണെന്നും ജിഐ പൈപ്പ് ഫോറന്‍സിക് സര്‍ജന്‍ ഡോ.ശ്രീകുമാരി കോടതിയില്‍ തിരിച്ചറിഞ്ഞ് മൊഴി നല്‍കിയിട്ടുണ്ട്.
കൊലയ്ക്ക് ശേഷം അസിസ്റ്റന്റ് കമ്മീഷണര്‍ ഹരിദാസ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ.കെ.സാബു എന്നിവര്‍ ഭീഷണിപ്പെടുത്തിയാണ് ഉദയകുമാറിനും സുരേഷ് കുമാറിനും എതിരെ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്യിച്ചതെന്നും െ്രെകം എസ്.ഐ രവീന്ദ്രന്‍ നായര്‍ മജിസ്‌ട്രേട്ടിന് രഹസ്യമൊഴി കൊടുത്തിരുന്നതായും സിബിഐ കോടതിയില്‍ പറഞ്ഞു. പ്രാകൃതമായ മൂന്നാം മുറ പ്രയോഗിച്ച് നിരപരാധിയെ കൊന്ന പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ല. മജിസ്‌ടേട്ട് മുമ്പാകെ സത്യസന്ധമായി രഹസ്യമൊഴി കൊടുത്ത ശേഷം വിചാരണയില്‍ മൊഴി തിരുത്തിയവര്‍ക്കെതിരെ കള്ളത്തെളിവ് നല്‍കിയ കുറ്റത്തിന് കേസെടുക്കണം. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ പ്രതികള്‍ക്ക് നല്‍കണം. കസ്റ്റഡി മരണങ്ങള്‍ ആവര്‍ത്തിക്കുന്ന സംസ്ഥാനത്ത് പ്രതികള്‍ക്ക് കോടതി നല്‍കുന്ന ശിക്ഷ സംസ്ഥാന പോലീസ് സേനയ്ക്ക് ഒരു പാഠമാകണമെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു.
https://www.facebook.com/Malayalivartha
























