ഡോക്ടര്‍മാര്‍ക്ക് വ്യാപാര ലൈസന്‍സ് ഫീസ് ഇടാക്കാനുള്ള തിരുവനന്തപുരം നഗരസഭ നീക്കത്തിനെതിരെ കെ.ജി.എം.ഒ.എയും ഐ.എം.എയും രംഗത്തെത്തി, നടപടി പിന്‍വലിച്ചില്ലെങ്കില്‍ വീടുകളിലെ ചികിത്സ നിര്‍ത്തും

ഡോക്ടര്‍മാര്‍ വീടുകളില്‍ രോഗികളെ പരിശോധിക്കുന്നത് വ്യാപാരമായി കണക്കാക്കി ട്രേഡ് ലൈസന്‍സ് ഫീസ് ഈടാക്കാനുള്ള തിരുവനന്തപുരം നഗരസഭയുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കെ.ജി.എം.ഒ.എയും ഐ.എം.എ.യും രംഗത്തെത്തി. സാമൂഹിക സേവനം എന്ന നിലയിലാണ് ഡോക്ടര്‍മാര്‍ വീടുകളില്‍ വൈദ്യ പരിശോധന നടത്തുന്നത്.
രോഗികളായി എത്തുന്നവരെ ചികിത്സിക്കാതെ തിരിച്ചയക്കുന്നതിലുള്ള ബുദ്ധിമുട്ടും അധാര്‍മികതയും കണക്കിലെടുത്താണ് വീടുകളില്‍ വൈദ്യ പരിശോധനയ്ക്ക് മുതിരുന്നത്. പരിചയക്കാരെയും അയല്‍ക്കാരേയും ബന്ധുക്കളേയുമൊക്കെ ഫീസ് ഈടാക്കാതെയാണ് വീടുകളില്‍ പരിശോധിക്കുന്നത്. കുറഞ്ഞ ചിലവില്‍ മികച്ച ചികിത്സ ലഭ്യമാകുന്നതിനാല്‍ പാവപ്പെട്ട പല രോഗികള്‍ക്കും ഇത് ഏറെ പ്രയോജനപ്രദമാണ്.
കേരള സര്‍ക്കാരും സ്വകാര്യ വൈദ്യ പരിശോധന സേവനമായി അംഗീകരിച്ചിട്ടുണ്ട്. 2018ലെ ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ ആക്ട് അനുസരിച്ച് ഡോക്ടര്‍മാര്‍ വീടുകളില്‍ ചെയ്യുന്ന വൈദ്യ പരിശോധനയെ ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ഡോക്ടര്‍മാര്‍ വീടുകളില്‍ ചെയ്യുന്ന വൈദ്യ പരിശോധനയെ കണ്‍സള്‍ട്ടേഷന്‍ സേവനമായി നിര്‍വചിച്ചിട്ടുമുണ്ട്. തങ്ങളുടെ വീടുകളിലെ സൗകര്യങ്ങള്‍ ഉപയോഗിച്ച് ഡോക്ടര്‍മാര്‍ നല്‍കുന്ന ഈ സേവനത്തെ വ്യാപാരമായി ചിത്രീകരിക്കുന്നത് തീര്‍ത്തും അപക്വമായ നടപടിയാണ്.
ഭാരതത്തിലെ സമുന്നത നീതിപീഠവും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. 2011 ഏപ്രില്‍ 28ന് കന്‍വര്‍ജിത് സിംഗ് കാക്കറും പഞ്ചാബ് സര്‍ക്കാരും തമ്മിലുള്ള കേസില്‍ വിധി പറയുമ്പോള്‍ ബഹു. സുപ്രീം കോടതി ഡോക്ടര്‍മാരുടെ സേവനം വ്യാപാരം അല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആയതിനാല്‍ ഡോക്ടര്‍മാര്‍ക്ക് ട്രേഡ് ലൈസന്‍സ് ഫീസ് ഏര്‍പ്പെടുത്തുന്നത് ഈ വിധിക്ക് എതിരും നിയമലംഘനവും ആണ്.
ട്യൂഷന്‍ അദ്ധ്യാപകര്‍, സോഫ്റ്റുവെയര്‍ എഞ്ചിനീയര്‍മാര്‍, ചാറ്റേര്‍ഡ് അക്കൗണ്ടന്റുമാര്‍, അഡ്വക്കേറ്റുമാര്‍ തുടങ്ങി പലരും തങ്ങളുടെ വീടുകളിലിരുന്നാണ് ജോലി ചെയ്യാറുളളത്. എന്നാല്‍ ഡോക്ടര്‍മാരുടെ നേര്‍ക്കു മാത്രം ഈ നടപടി ആരംഭിച്ചത് വിചിത്രമാണ്. ഇത് സ്വകാര്യ ആശുപത്രി ഭീമന്‍മാരെ സഹായിക്കാനുള്ള കുടിലതന്ത്രമായി സ്വാഭാവികമായും സംശയിക്കാം. ഇത് അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിച്ചാല്‍വീടുകളിലെ വൈദ്യ പരിശോധന പൂര്‍ണമായും നിര്‍ത്തി വയ്ക്കും. ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുകയും ചെയ്യാന്‍ നിര്‍ബന്ധിതരാകും. കെ ജി എം ഒ എ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോ എല്‍ ടി സനല്‍ കുമാറും ഐ എം എ തിരുവനന്തപുരം ഘടകം പ്രസിഡന്റ് ഡോ ജോണ്‍ പണിക്കറും സംയുക്തമായി അറിയിച്ചു.
https://www.facebook.com/Malayalivartha
























