പാലക്കാട് ശ്രീകൃഷ്ണപുരത്ത് വൃദ്ധദമ്പതികളെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രദേശത്ത് നിന്ന് കാണാതായ ആളെ തേടി പൊലീസ്

പാലക്കാട് ശ്രീകൃഷ്ണപുരത്ത് വൃദ്ധദമ്പതികളെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന കേസ് വഴിത്തിരിവില്‍. ഗോപാലകൃഷ്ണനെയും ഭാര്യ അമ്മുക്കുട്ടി എന്ന തങ്കമണിയേയും കഴിഞ്ഞ നവംബര്‍ 14നാണ് ആരോ രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി കൊലപ്പെടുത്തി മൂന്ന് പവന്‍ സ്വര്‍ണ്ണം കവര്‍ന്നത്. സംഭവദിവസം സ്ഥലത്ത് നിന്നും കാണാതായ പരിസരവാസിയെ ചോദ്യം ചെയ്തപ്പോള്‍ ഉത്തരങ്ങളില്‍ വൈരുദ്ധ്യമുള്ളതായി കണ്ടെത്തി. ഇയാള്‍ക്ക് ബന്ധമുള്ള മദ്രാസിലെ പണമിടപാട് സ്ഥാപനങ്ങളിലും അന്വേഷണം നടത്തിവരുന്നു. സാങ്കേതിക വിദഗ്ദ്ധരുടെ സേവനം ഉപയോഗപ്പെടുത്തി അടിയന്തിരമായി പ്രതികളെ കണ്ടെത്തുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ പൊലീസിന് നല്‍കിയിട്ടുണ്ട്.
ശ്രീകൃഷ്ണപുരം പൊലീസ് സ്‌റ്റേഷനില്‍ ക്രൈം നമ്പര്‍ 753/16 ആയി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. 185 സാക്ഷികളെ നേരില്‍ കണ്ട് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പരിസരങ്ങളിലെ അന്യസംസ്ഥാനക്കാരെപ്പറ്റിയും സ്ഥലം കച്ചവട ബ്രോക്കര്‍മാര്‍, കൊല്ലപ്പെട്ട ഗോപാലകൃഷ്ണനും തങ്കമണിയും ആധാരം ചെയ്യാന്‍ ഉദ്ദേശിച്ച സ്ഥലത്തിന്റെ ബ്രോക്കര്‍ എന്നിവരെപ്പറ്റി വിശദമായി അന്വേഷണം നടത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്നും ലഭിച്ച വിരലടയാളങ്ങള്‍ നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
പ്രദേശത്തെ മുഴുവന്‍ ഫോണ്‍ വിളികളുടെയും വിവരങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. കമ്പം, തേനി, ഒട്ടംച്ഛത്ര എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. സംഭവം നടക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് കോട്ടപ്പുറം മേഖലയില്‍ ഉണ്ടായമോഷണ ശ്രമത്തെക്കുറിച്ച് ഒരു തുമ്പും കിട്ടാതെ പൊലിസ് അലയുന്ന സമയത്താണ് കൊലപാതകത്തിലേക്ക് നയിച്ച മോഷണം ഉണ്ടായത്. കഞ്ചാവ്, മയക്ക് മരുന്ന് മാഫിയകള്‍ വിലസുന്ന പ്രദേശമാണ് കടമ്പഴിപ്പുറം. കൊല്ലപ്പെട്ട ദമ്പതികളുടെ വീട് നില്‍ക്കുന്നത് വിജനമായ പ്രദേശത്തെ റബ്ബര്‍ തോട്ടത്തിലാണ്. മകന്‍ രതീഷ് അമേരിക്കയിലും മകള്‍ ചെന്നെയിലുമാണ്. ഇക്കാരണത്താല്‍ കൊലപാതകം നാട്ടുകാര്‍ അറിഞ്ഞത് പുലര്‍ച്ചെയാണ്. മകള്‍ വീട്ടിലേക്ക് ഫോണ്‍ എടുക്കാത്തതിനാല്‍ അയല്‍ക്കാരെ അറിയിക്കുകയായിരുന്നു. വൃദ്ധ ദമ്പതികള്‍ ഒറ്റക്കാണ് താമസിക്കുന്നതെന്ന് മനസിലാക്കിയാണ് മോഷണശ്രമം നടന്നത്.
https://www.facebook.com/Malayalivartha
























