കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയില്‍ റെയില്‍വേ ഭവനുമുന്നില്‍ എല്‍ഡിഎഫ് എം പിമാരുടെ പ്രതിഷേധം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; കഞ്ചിക്കോട് കോച്ച് ഫാക്ടറി തുറക്കുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്ന് പിണറായി; നാലാം തവണയും പിണറായിക്ക് പ്രധാനമന്ത്രിയെ കാണാന്‍ സന്ദര്‍ശനാനുമതിയില്ല

കഞ്ചിക്കോട് റെയില്‍വേ ഫാക്ടറി ഉപേക്ഷിക്കാനുള്ള നീക്കത്തിനെതിരെ ദില്ലി റെയില്‍ വേ ഭവനുമുന്നില്‍ എല്‍ഡിഎഫ് എംപിമാര്‍ ധര്‍ണ നടത്തി. ധര്‍ണ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യ്തു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രം കൃത്യമായ ഉറപ്പ് നല്‍കണമെന്ന ആവശ്യമുന്നയിച്ചാണ് എംപിമാര്‍ ധര്‍ണ നടത്തുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ അവഗണന നിര്‍ത്തണമെന്ന് പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
റെയില്‍വേ കോച്ച് നിര്‍മ്മാണത്തിന് നിലവിലുള്ള ഫാക്ടറികള്‍ പര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കഞ്ചിക്കോട് റെയില്‍വേ ഫാക്ടറി ഉപേക്ഷിക്കാന്‍ റെയില്‍വേ മന്ത്രാലയം ശ്രമം നടത്തിത്. പ്രകടനമായാണ് എം പി മാര്‍ ദില്ലി റെയില്‍വേ ഭവനുമുന്നില്‍ എത്തിയത്.
അതേസമയം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി രാം വിലാസ് പസ്വാനുമായി കൂടിക്കാഴ്ച നടത്തിയേക്കും. 3 ദിവസമായി നടക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ദില്ലിയിലുണ്ട്. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്താനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട സര്‍വകക്ഷിസംഘം അനുമതി ചോദിച്ചത്. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നിഷേധിക്കുകയായിരുന്നു. വേണമെങ്കില്‍ കേന്ദ്രമന്ത്രി രാംവിലാസ് പസ്വാനുമായി ചര്‍ച്ച നടത്താന്‍ നിര്‍ദ്ദേശവും നല്‍കി.
ഇത് നാലാം തവണയാണ് മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയെ കാണാനുള്ള അനുമതി നിഷേധിക്കുന്നത്. നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കാന്‍ ദില്ലിയിലെത്തിയപ്പോഴും ഇതേ വിഷയവുമായി ബന്ധപ്പെട്ട് സന്ദര്‍ശനാനുമതി ചോദിച്ചിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിക്കുകയായിരുന്നു.
2017 മാര്‍ച്ചില്‍ സംസ്ഥാനത്തിന്റെ ബജറ്റ് വിഹിതം ചര്‍ച്ചചെയ്യുന്നതിനും നോട്ട് നിരോധനത്തിന് ശേഷം സംസ്ഥാനത്തിന്റെ ആശങ്കകള്‍ അറിയിയിക്കാനും സന്ദര്‍ശനാനുമതി തേടിയപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിരസിക്കുകയായിരുന്നു.
ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കിയപ്പോള്‍ കേരളത്തിനാണ് ഏറ്റവും കുറവ് കിട്ടിയത്. റേഷന്‍ വിഹിതത്തിന്റെ കാര്യത്തില്‍ സംസ്ഥാനം പ്രതിസന്ധി നേരിടുന്ന സമയത്താണ് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ചോദിച്ചത്. കേരളത്തിന്റെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തുടര്‍ച്ചയായി പ്രധാനമന്ത്രി തയാറാകാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha
























