ഓണം വരെ ആശ്വാസം ... മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്താത്ത സ്‌കൂള്‍ ബസുകളുടെ പെര്‍മിറ്റ് ഓണാവധിക്കുശേഷം റദ്ദാക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍

മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്താത്ത സ്‌കൂള്‍ ബസുകളുടെ പെര്‍മിറ്റ് ഓണാവധിക്കുശേഷം റദ്ദാക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. സ്‌കൂള്‍ തുറക്കുന്ന ഘട്ടത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ഓണാവധി വരെയാണ് സമയം നല്‍കിയിരിക്കുന്നത്. ടെസ്റ്റിനു വരുമ്പോഴുള്ള ടയറുകളും മറ്റു സംവിധാനങ്ങളും പിന്നീട് മാറ്റുന്നുവെന്ന ആക്ഷേപ വന്ന സാഹചര്യത്തില്‍ കര്‍ശനമായ പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. എം. സ്വരാജ്, വീണ ജോര്‍ജ് എന്നിവരുടെ ഉപക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
കുട്ടികളെ കൊണ്ടു പോകുന്ന പല വാഹനങ്ങളും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നില്ല. സ്‌കൂള്‍ ബസ് അല്ലാതെ കുട്ടിളെ കൊണ്ടു വരുന്ന വാഹനങ്ങള്‍ ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി എന്ന ബോര്‍ഡ് വയ്ക്കണം. അനധികൃത വാഹനങ്ങളില്‍ കുട്ടികളെ കയറ്റി വിടുന്നത് രക്ഷിതാക്കളാണ്. ഇക്കാര്യത്തില്‍ അവര്‍ ജാഗ്രത കാണിക്കണം. എല്ലാ സ്‌കൂളുകളും കുട്ടികളുടെ യാത്രാ സുരക്ഷയുമായി ബന്ധപ്പെട്ട് നോഡല്‍ ഓഫീസറെ നിയമിക്കണം.
ഡ്രൈവര്‍മാരുടെ യോഗ്യത ഉറപ്പു വരുത്തണം. കുത്തിനിറച്ചും അനധികൃതമായും സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകും. അഗ്‌നിശമന സംവിധാനമില്ലാത്ത വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കും. വാഹനങ്ങളില്‍ ജി.പി.എസ്. ഘടിപ്പിച്ച് ജില്ലാ ഗതാഗത ഓഫീസറുമായി ബന്ധിപ്പിക്കും.
https://www.facebook.com/Malayalivartha
























