വരാപ്പുഴ കസ്റ്റഡി മരണത്തിൽ മുൻ എസ്.പി, എ വി ജോർജിനെ പ്രതിചേർക്കാൻ സാധ്യത ; ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെ പുതിയ നീക്കവുമായി സി.പി .ഐ .എം നേതൃത്വം

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തിൽ എസ്.പി, എ വി ജോർജിനെ പ്രതിചേർക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകാൻ സാധ്യത. അദ്ദേഹത്തെ ഒഴിവാക്കാൻ പ്രോസിക്യൂഷൻ സയറക്ടർ ജനറൽ നൽകിയ നിയമോപദേശം മുഖവിലയ്ക്ക് എടുക്കേണ്ടതില്ലെന്നും ജോർജിന് രക്ഷപ്പെടണമെങ്കിൽ അദ്ദേഹം സ്വയം രക്ഷപ്പെടട്ടേ എന്നും മുഖ്യമന്ത്രി പറഞ്ഞതായാണ് വിവരം. അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചത് തിരിച്ചടിയായ പശ്ചാത്തലത്തിലാണ് നടപടി. വരും ദിവസങ്ങളിൽ വൻ വഴിത്തിരിവുകളാണ് കേസിൽ പ്രതീക്ഷിക്കുന്നത്. അതിനു മുമ്പ് ജോർജിനെ പ്രതിചേർക്കാനാണ് നീക്കം.
സർക്കാരിനും അന്വേഷണ സംഘത്തിനും സംഭവിച്ച തന്ത്രപരമായ പാളിച്ചയായിരുന്നു ജോർജിനെ രക്ഷിച്ച സംഭവം. തനിക്ക് കീഴിലെ ഉദ്യോഗസ്ഥർ നിരപരാധിയെ അറസ്റ്റ് ചെയ്ത് മരണകാരണമായി മർദ്ദിക്കുമ്പോൾ അക്കാര്യം താൻ അറിഞ്ഞില്ലെന്ന് എസ് പി പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും? ഇതാണ് ഹൈക്കോടതി ചോദിച്ചത്. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ തൽകിയ ഹർജിയിലാണ് ഹൈക്കോടതി സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. ശ്രീജിത്തിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിക്കുമെന്ന് സർക്കാർ സ്വപ്നത്തിൽ പോലും കരുതിയില്ല. ശ്രീജിത്തിന്റെ കുടുംബത്തിന് ജോലിയും പണവും നൽകി സാന്ത്വനിപ്പിക്കാനായിരുന്നു പരിപാടി,
യഥാർത്ഥത്തിൽ എ.വി.ജോർജ്, സി പി എം വിശ്വാസിയല്ല. ഒട്ടനവധി കോൺഗ്രസ് നേതാക്കളുമായി അടുപ്പം പുലർത്തുന്ന ഉദ്യോഗസ്ഥനാണ് ജോർജ്. ജോർജിനെ എറണാകുളം റൂറലിൽ നിയമിച്ചത് പിണറായി സർക്കാരല്ല. എന്നാൽ സി പി എമ്മിന്റെ എറണാകുളം ജില്ലാ നേതാക്കളുമായി അദ്ദേഹം നല്ല ബന്ധം പുലർത്തുന്നുണ്ട്. കോൺഗ്രസിന്റെ ജില്ലാ നേതാക്കളുമായും ഇതേ ബന്ധമുണ്ട്. രാഷ്ട്രീയക്കാർ പറയുന്ന കേസുകൾക്കൊക്കെ വലിയ പ്രാധാന്യം നൽകാറുമുണ്ട്. ശ്രീജിത്തിനെ അറസ്റ്റ് ചെയാൻ ജോർജിന് നിർദ്ദേശം നൽകിയത് സി പി എമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയാണെന്ന് ഇതിനകം ആരോപണം ഉയർന്നിരുന്നു. അതായത് ജോർജിനെ പ്രതിചേർത്താൽ തങ്ങളുടെ പങ്ക് പുറത്തു വരും എന്നാണ് സി പി എമ്മിന്റെ സംശയം. അതുകൊണ്ടാണ് അവർ ജോർജിന് അനുകൂലമായി നിലപാടെടുത്തത്. എന്നാൽ ഒരു സി പി എം നേതാവും ആരെയും കൊല്ലാൻ പറഞ്ഞിട്ടില്ല. നടൻ ദിലീപ് കേസിലും സി പി എം നേതാക്കളുടെ ഇച്ഛാനുസരണം ജോർജ് പ്രവർത്തിച്ചു എന്നാണ് വിവരം.
ചുരുക്കത്തിൽ ശ്രീജിത്തിന്റെ മരണം സിബിഐ അന്വേഷിക്കും. അങ്ങനെ വന്നാൽ ജോർജിന്റെ ഭാവി തന്നെ ഇല്ലാതാകും. അതിനു മുമ്പ് അദ്ദേഹത്തെ പ്രതി ചേർക്കുന്നതാണ് നല്ലതെന്ന ചിന്തയാണ് സർക്കാരിനുള്ളത്. ജോർജിനെ സഹായിക്കാൻ നിന്നാൽ ശ്രീജിത്ത് കേസിൽ സർക്കാർ ഇതുവരെ ചെയ്തതെല്ലാം വ്യഥാവിലാകുമെന്നും സർക്കാരിന് സംശയമുണ്ട്. കേസ് സിബിഐക്ക് പോയാൽ ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാൻ സാഹചര്യമൊരുക്കിയ സി പി എം നേതാക്കളുടെ വിവരങ്ങളും പുറത്താകും. അത് സർക്കാരിന്റെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കും. ജോർജ് ഒരു നീർക്കോലിയാണെങ്കിലും നീർക്കോലി കടിച്ചാലും വിഷമാണെന്ന മാനസികാവസ്ഥയിലാണ് സർക്കാർ.
https://www.facebook.com/Malayalivartha
























