പിണറായി സർക്കാരിന്റെ പുതിയ കണ്ണിൽ പൊടിയിടൽ തന്ത്രം സർക്കാർ ജീവനക്കാരോട് ; കഴിഞ്ഞ സർക്കാർ നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ പിണറായി സർക്കാർ പുനപരിശോധിക്കില്ല ; അഞ്ച് ലക്ഷം ജീവനക്കാർക്ക് വേണ്ടി മൂന്നര കോടി സാധാരണക്കാരെ പിണക്കാതെ എല്ലാം ശരിയാക്കാനൊരുങ്ങി പിണറായിയും കൂട്ടരും

സർക്കാർ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ സർക്കാർ നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ പിണറായി സർക്കാർ പുനപരിശോധിക്കില്ല. പിണറായി സർക്കാരിന് മൂന്നു വർഷമാണ് ബാക്കിയുള്ളത്. റബർ വിഷയം പഠിക്കാൻ കേന്ദ്ര സർക്കാർ പുതിയ സമിതിയെ നിയോഗിച്ചതു പോലെ കേരളം പങ്കാളിത്ത പെൻഷൻ പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചു. ഏതായാലും അവർ കൃത്യമായി പഠിച്ചു തീരില്ല. അപ്പോൾ പുതിയ സർക്കാരിന്റെ കാലം വരും.
വിരമിച്ച ന്യായാധിപൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെ സമിതിയുടെ അധ്യക്ഷനാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. കേരള ഹൈക്കോടതിയിൽ നിന്നും വിരമിച്ച സി എൻ ആർ ഇപ്പോൾ അണക്കെട്ട് സുരക്ഷാ സമിതിയുടെ അധ്യക്ഷനാണ്. അദ്ദേഹത്തെയാണ് ഉമ്മൻ ചാണ്ടി സർക്കാർ അവരുടെ ഭരണത്തിന്റെ അവസാന നാളുകളിൽ ശമ്പള പരിഷ്ക്കരണ കമ്മീഷൻ ചെയർമാനാക്കിയത്. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ നിലപാടില്ലാത്ത ന്യായാധിപനാണ് അദ്ദേഹം. സാമ്പത്തിക കാര്യങ്ങളിൽ വിവരവുമുണ്ട്. ആരെയെങ്കിലും പ്രീതിപ്പെടുത്താനുള്ള തീരുമാനം അദ്ദേഹം സ്വീകരിക്കുകയില്ല.
ജസ്റ്റിസ് രാമചന്ദ്രൻ നായർക്ക് രണ്ടു വർഷത്തെ കാലാവധി നൽകും. പങ്കാളിത്ത പെൻഷൻ ഒരു സങ്കീർണ വിഷയമാണ്. അതിൻമേൽ പൊടുന്നനെ ഒരു തീരുമാനമെടുക്കാൻ കഴിയില്ല. അവധാനതതോടെ ചർച്ചകൾ നടത്തേണ്ടി വരും. സർവീസ് സംഘടനകളെല്ലാം പങ്കാളിത്ത പെൻഷന് എതിരാണ്. എല്ലാവരുമായി ചർച്ച നടത്തി സമവായ തീരുമാനമെടുക്കാൻ ഒരിക്കലും കഴിയില്ല. ന്യായാധിപനെ നിയമിക്കാനുള്ള തീരുമാനം നിയമപരമായ ഒരു തീരുമാനമെടുക്കുന്നതിന് വേണ്ടിയാണ്.
പങ്കാളിത്ത പെൻഷൻ പുന:പരിശോധിക്കേണ്ടതില്ലെന്നാണ് ധനമന്ത്രിയുടെ തീരുമാനം. സർക്കാരിനും ഇതിനോട് താത്പര്യമില്ല. യു ഡി എഫ് സർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കുമ്പോൾ തങ്ങൾ അധികാരത്തിലെത്തിയാൽ അത് പിൻവലിക്കുമെന്ന് സി പി എം പ്രഖ്യാപിച്ചിരുന്നു. എന്നാൽ വർഷം രണ്ട് കഴിഞ്ഞപ്പോൾ മാത്രമാണ് പഠിക്കാൻ ഒരു സമിതിയെ നിയോഗിച്ചത്. സമിതിയെ നിയോഗിച്ച് നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ പദ്ധതി പുന:പരിശോധിക്കുന്ന കാര്യം എളുപ്പമല്ലെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
സർക്കാർ ജീവനക്കാർ സമൂഹത്തിന് പ്രയോജനകരമായ ഒന്നും ചെയ്യുന്നില്ലെന്നാണ് മുഖ്യമന്ത്രി വിശ്വസിക്കുന്നത്. പിണറായി ഇക്കാര്യം പലവട്ടം തുറന്നു പറഞ്ഞു. സർക്കാർ ജീവനക്കാരെ കുരുക്കാൻ പഞ്ചിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ കർശനമാക്കിയത് പിണറായി സർക്കാരാണ്. സി പി എം നേത്യത്വം നൽകുന്ന ജീവനക്കാരുടെ സംഘടനകൾക്ക് ഒരു വിലയും സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള ഓഫീസുകളിൽ ലഭിക്കുന്നില്ല. സർക്കാർ ഉദ്യോഗസ്ഥർക്ക് ഗുണകരമാകുന്ന ഫയലുകൾ വന്നാൽ മുഖ്യമന്ത്രിയും മന്ത്രിമാരും പെട്ടെന്ന് ഒപ്പിടാറില്ല. ഡി എ മുടങ്ങിയത് വിവാദങ്ങൾ സൃഷ്ടിച്ചു. പൊതുവേ ഉദ്യോഗസ്ഥരോട് നിഷേധാത്മക നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.
സർക്കാർ ജീവനക്കാർക്ക് എതിരെ നിലപാടെടുത്താൽ സാധാരണക്കാരുടെ കൈയടി നേടാമെന്ന് സർക്കാർ കരുതുന്നു. അഞ്ച് ലക്ഷം ജീവനകാർക്ക് വേണ്ടി മൂന്നര കോടി സാധാരണക്കാരെ പിണക്കുന്നതെന്തിനാണെന്നാണ് ചോദ്യം. സാധാരണക്കാർക്ക് വേണ്ടി ജീവനക്കാരെ പിണക്കിയാലും സാരമില്ലെന്നാണ് സർക്കാർ നിലപാട്. എന്നാൽ സംഘടനാ നേതാക്കളെ തത്കാലം സമാധാനപ്പെടുത്തണം. സർക്കാർ ജീവനക്കാരെ പിണക്കാൻ സർക്കാർ തയ്യാറല്ല. എന്നാൽ അവരുടെ കണ്ണിൽ മണ്ണിടുകയും വേണം.
https://www.facebook.com/Malayalivartha


























