ക്രിസ്മസ് ദിനത്തില്‍ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

ക്രിസ്മസ് ദിനത്തില്‍ സി.ബി.എസ്.ഇ അടക്കമുള്ള സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം വിവാദത്തില്‍. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെയും ഹിന്ദു മഹാസഭ നേതാവ് മദന്‍ മോഹന്‍ മാളവിയയുടെയും ജന്മദിനം കൂടിയായ ഡിസംബര്‍ 25 സദ്ഭരണ ദിനമായി ആചരിക്കണമെന്ന് കാണിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നല്‍കിയ നിര്‍ദേശമാണ് വിവാദത്തിലായത്.
ഡിസംബര്‍ 25ന് സ്‌കൂളുകളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും മാനവ വിഭവശേഷി മന്ത്രാലയം പുറത്തുവിട്ട സര്‍ക്കുലറില്‍ പറയുന്നു.
എന്നാല്‍, സര്‍ക്കുലര്‍ വിവാദമായതോടെ വിശദീകരണവുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി രംഗത്തുവന്നു. ക്രിസ്മസ് അവധി പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് അവര്‍ പറഞ്ഞു. സദ്ഭരണ ദിനാചരണത്തിന്റെ ഭാഗമായി ഉപന്യാസ മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയാണ് മത്സരങ്ങള്‍ നടത്തുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു.
അതേസമയം, സര്‍ക്കാരിന്റെ സര്‍ക്കുലര്‍ സി.ബി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടില്ല. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള നവോദയ വിദ്യാലയങ്ങള്‍ക്കുള്ള സര്‍ക്കുലറുകള്‍ അയച്ചുകഴിഞ്ഞു. കേന്ദ്രീയ വിദ്യാലയങ്ങളും സി.ബി.എസ്.ഇയും ഡിസംബര്‍ 24,25 തീയതികളായി ഉപന്യാസ മത്സരം സംഘടിപ്പിക്കണമെന്നാണ് നവോദയയുടെ സര്‍ക്കുലര്‍. ഉപന്യാസ വിഷയം ഡിസംബര്‍ 23നായിരിക്കും സര്‍ക്കാര്‍ നിശ്ചയിക്കുന്നത്.
വിവിധ സ്റ്റാന്‍ഡാര്‍ഡുകളിലേക്ക് വ്യത്യസ്തമായ വിഷയങ്ങളിലായിരിക്കും ഉപന്യാസ മത്സരം. ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസുകള്‍, ആറു മുതല്‍ എട്ടുവരെ ക്ലാസുകള്‍, ഒമ്പത് പത്ത് ക്ലാസുകള്‍ എന്നിങ്ങനെ തരംതിരിച്ചായിരിക്കും മത്സരം നടത്തുക. അന്നേ ദിവസം ക്വിസ് മത്സരവും സംഘടിപ്പിക്കണമെന്നും സദ്ഭരണത്തെ കുറിച്ചുള്ള ഡോക്യുമെന്ററികള്‍ കുട്ടികളെ കാണിക്കണമെന്നും നവോദയകമ്മിഷണര്‍ ജി.എസ് ബോത്യാല്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























