പെഷവാര്‍ സൈനിക സ്‌കൂളിലെ ഭീകരാക്രമണം: 100ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

പാക്കിസ്ഥാനിലെ പെഷവാറില്‍ സൈനിക സ്‌കൂളിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ നൂറിലധികം പേര്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. മരണ സംഖ്യ 100 കവിഞ്ഞെന്ന് പാക്ക് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്്. ആക്രമണങ്ങളില്‍ 36 പേര്‍ക്ക് പരിക്കേറ്റിട്ടുന്നാണ് നിലവിലെ വിവരം. എന്നാല്‍ എണ്ണം ഇതിലും കൂടുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൊവ്വാഴ്ച രാവിലെയാണ് ആയുധധാരികളായ തീവ്രവാദികള്‍ സ്‌കൂളില്‍ കയറി വെടിവച്ചത്. ആറംഗ ചാവേര്‍ സംഘമാണ് സ്‌കൂളില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തിയതെന്നാണ് വിവരം. നിരവധി കുട്ടികളെയും അധ്യാപകരെയും ഭീകരര്‍ ബന്ദികളാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. സ്‌കൂളില്‍ പരീക്ഷ നടക്കുന്നതിനിടെ അക്രമികള്‍ സ്‌കൂളില്‍ കടന്നുകയറുകയായിരുന്നു. ചെറിയ ക്ലാസുകളിലെ കുട്ടികളോട് പുറത്തേക്ക് ഓടി രക്ഷപെടാന്‍ പറഞ്ഞശേഷം മുതിര്‍ന്ന കുട്ടികള്‍ക്കുനേര്‍ക്ക് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
അഞ്ഞൂറോളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന് നേര്‍ക്കാണ് അക്രമണം നടന്നത്. സ്ഥലത്ത് സൈന്യവും തീവ്രവാദികളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ടെന്നും പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടെ, അക്രമികളില്‍ ഒരാള്‍ സ്വയം പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും സൈനികവൃത്തങ്ങള്‍ ഇതു തള്ളിക്കളഞ്ഞു. സുരക്ഷാസേന പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. തെഹ്‌രിഖ് ഇ താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്
https://www.facebook.com/Malayalivartha


























