എടിഎം ഉപയോഗത്തിന് ഫീസ് ഈടാക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

എടിഎം ഉപയോഗത്തിന് ഫീസ് ഈടാക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി റിസര്‍വ് ബാങ്കിനും സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയ്ക്കും ബാങ്കുകളുടെ അസോസിയേഷനും നോട്ടീസ് അയച്ചു. മെട്രോ നഗരങ്ങളില്‍ സൗജന്യ എ.ടി.എം ഉപയോഗം പ്രതിമാസം പരമാവധി അഞ്ചാക്കാനും അതില്‍ കൂടുതലായാല്‍ ഓരോ തവണയും ഉപഭോക്താക്കളില്‍ നിന്ന് 20 രൂപ വീതം ഈടാക്കാനുമുള്ള റിസര്‍വ് ബാങ്ക് നിര്‍ദേശത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ചില ബാങ്കുകള്‍ സ്വന്തം ഉപഭോക്താക്കളില്‍ നിന്ന് പോലും ഫീസ് ഈടാക്കുകയാണ്. ഇത് അനാവശ്യമല്ലേയെന്ന് കോടതി ചോദിച്ചു. ഫെബ്രുവരി 18നകം നോട്ടീസിന് മറുപടി നല്‍കാനാണ് കോടതി നിര്‍ദേശിച്ചത്.
കഴിഞ്ഞ ആഗസ്റ്റ് 14നാണ് എടിഎമ്മിലെ അധിക ഉപയോഗങ്ങള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് ബാങ്കുകള്‍ക്ക് ഫീസ് ഈടാക്കാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചത്. അക്കൗണ്ടുള്ള ബാങ്കിലെ എ.ടി.എമ്മില്‍ പ്രതിമാസം പരമാവധി അഞ്ച് സൗജന്യ ഉപയോഗവും മറ്റ് ബാങ്ക് എ.ടി.എമ്മില്‍ മൂന്ന് ഉപയോഗവുമാണ് അനുവദിച്ചത്. മുംബയ്, ചെന്നൈ, കൊല്‍ക്കത്ത, ന്യൂഡല്‍ഹി, ബാംഗ്‌ളൂര്‍, ഹൈദരാബാദ് എന്നീ നഗരങ്ങളിലാണ് നിയന്ത്രണം കൊണ്ടുവന്നത്.
https://www.facebook.com/Malayalivartha


























