വിവാഹ വാഗ്ദാനം നല്‍കി നടത്തുന്ന ലൈംഗിക ബന്ധങ്ങളെ ബലാല്‍സംഗമായി കാണാനാവില്ലെന്ന് ഹൈക്കോടതി

വിവാഹ വാഗ്ദാനം നല്‍കി നടത്തുന്ന ലൈംഗിക ബന്ധങ്ങളെയെല്ലാം ബലാല്‍സംഗമായി കാണാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. നാസിക് സ്വദേശിയായ രാഹുല്‍ പാട്ടീല്‍ മുന്‍കൂര്‍ ജാമ്യത്തിനായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയടെ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍. ഇന്ത്യയിലെ നഗരങ്ങളില്‍ നടക്കുന്ന വിവാഹ പൂര്‍വബന്ധങ്ങളില്‍ ഞെട്ടേണ്ട സാഹചര്യമല്ല ഇപ്പോള്‍ നിലവിലുള്ളതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
വിവാഹ വാഗ്ദാനം ചെയ്ത് തന്നെ വഞ്ചിച്ചുവെന്നും ലൈംഗികമായി പീഡിപ്പിച്ചുവെന്നും കാണിച്ച് രാഹുലിന്റെ മുന്‍ കാമുകി സീമ ദേശ്മുഖ് കേസ് കൊടുത്തതിനെത്തുടര്‍ന്നാണ് ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. തന്നെ വിവാഹം കഴിക്കാമെന്ന് വാക്കുനല്‍കി വഞ്ചിച്ചുവെന്നും താന്‍ രാഹുലില്‍നിന്ന് ഗര്‍ഭിണിയാണെന്നും സീമ പരാതിയില്‍ പറഞ്ഞിരുന്നു. രാഹുല്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍, സീമയുമായുണ്ടായിരുന്ന ബന്ധം ഉഭയ സമ്മത പ്രകാരമുള്ളതായിരുന്നുവെന്ന് രാഹുല്‍ അവകാശപ്പെട്ടു. വ്യത്യസ്ത മതത്തില്‍പ്പെട്ടവരായതുകൊണ്ടാണ് വിവാഹം കഴിക്കാന്‍ സാധിക്കാതിരുന്നതെന്നും രാഹുല്‍ വാദിച്ചു.
അഭിഭാഷകരാണ് രാഹുലും സീമയും. 1999 മുതല്‍ ഇവര്‍ക്ക് പരിചയമുണ്ട്. 2006 മുതല്‍ ഇരുവരും തമ്മില്‍ ലൈംഗിക ബന്ധവും ഉണ്ടായിട്ടുണ്ട്. വിവാഹം കഴിക്കാമെന്ന് ആദ്യം വാക്കുനല്‍കിയ രാഹുല്‍ 2009ല്‍ അത് സാധിക്കില്ലെന്ന് വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് സീമ ആത്മഹത്യക്ക് ശ്രമിച്ചു. എന്നാല്‍, ഇതിനുശേഷവും ഇരുവരും തമ്മില്‍ ലൈംഗികബന്ധമുണ്ടായിട്ടുണ്ടെന്ന് കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
സമൂഹം മാറുകയാണെന്ന വ്യക്തമായ സൂചനയോടെയാണ് ഇക്കാര്യത്തില്‍ കോടതി നിരീക്ഷണം നടത്തിയിട്ടുള്ളത്. വിവാഹേതര ബന്ധത്തിന്റെ പേരില്‍ ഞെട്ടേണ്ട സാഹചര്യമല്ല ഇപ്പോഴുള്ളത്. ഒരു ബന്ധം നിലനില്‍ക്കെ, മറ്റൊരാളുമായി ലൈംഗിക ബന്ധമുണ്ടാകുന്ന സംഭവങ്ങള്‍ ഇപ്പോള്‍ സാധാരണയാണ്. വേണമെങ്കില്‍, ലൈംഗികത ആസ്വദിക്കാനായി ഒരാള്‍ക്ക് പങ്കാളിയെ തിരഞ്ഞെടുക്കാന്‍ പോലുമാകും. മുംബൈയും പുണെയും പോലുള്ള നഗരങ്ങളില്‍ ഇത് വലിയ സംഭവമായി കാണേണ്ടതുമില്ലെന്ന് ജസ്റ്റിസ് മൃദുല ഭട്കര്‍ പറഞ്ഞു.
പ്രായപൂര്‍ത്തിയായ വിദ്യാസമ്പന്നയായ ഒരു യുവതിക്ക് തന്റെ ശരീരത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഒരു ബന്ധത്തിലേര്‍പ്പെടാനാവും. അതിന്റെ പ്രത്യാഘാതങ്ങളറിഞ്ഞുകൊണ്ടാണ് അവരത് ചെയ്യുന്നത്. ലിവ്ഇന്‍ ബന്ധങ്ങളെ സമൂഹം അംഗീകരിച്ചുതുടങ്ങിയ കാലമാണിത്. സ്ത്രീയുടെ ലൈംഗികാവകാശങ്ങളെയും അമ്മയാകണോ വേണ്ടയോ എന്ന തീരുമാനത്തെയും നിയമം അംഗീകരിക്കുന്നുണ്ട്. അതുകൊണ്ട് ഓരോ ബന്ധങ്ങളെയും അതത് സംഭവങ്ങളുടെ സാഹചര്യമനുസരിച്ച് മാത്രമേ വിലയിരുത്താനാകൂവെന്നും കോടതി വ്യക്തമാക്കി.
വേണ്ടത്ര വിദ്യാഭ്യാസമില്ലാത്ത, പാവപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിക്കുകയും ലൈംഗികമായി ഉപയോഗിക്കുകയും ചെയ്താല്‍ അത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ബലാല്‍സംഗത്തിന്റെ പരിധിയില്‍ വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, പങ്കാളികള്‍ക്കിടയില്‍ അസ്വാരസ്യങ്ങളുണ്ടാവുകയും അവര്‍ക്കിടയിലെ പ്രണയം നഷ്ടപ്പെടുകയും ചെയ്യുമ്പോള്‍, മുന്‍കാലങ്ങളിലുണ്ടായിട്ടുള്ള ലൈംഗിക ബന്ധങ്ങളെ ബലാല്‍സംഗമെന്ന് വ്യാഖ്യാനിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. മാത്രമല്ല, വിവാഹം ഒരാളില്‍ അടിച്ചേല്‍പ്പിക്കാനും നിയമത്തിനാവില്ലെന്ന് കോടതി ചൂണ്ടികാട്ടി.
വിവാഹേതര ബന്ധങ്ങളെയും വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തുവെന്ന പരാതികളെയും ബാധിച്ചേക്കാവുന്ന വിധിന്യായമായാണ് ഇതനെ വിലയിരുത്തുന്നത്. കേസിലുള്‍പ്പെടുന്ന കക്ഷികളുടെ സാമൂഹിക പശ്ചാത്തലവും അവര്‍ ബന്ധപ്പെടാനുണ്ടായ സാഹചര്യവും കേസ്സിനെ ബാധിക്കുമെന്ന നിരീക്ഷണം ഒട്ടേറെ പീഡനക്കേസ്സുകളുടെ ഭാവി തന്നെ മാറ്റിമറിക്കുന്നതാണെന്നും ഇന്ത്യന്‍ സമൂഹം മാറുന്നുവെന്ന കാഴ്ചപ്പാട് മുന്‍നിര്‍ത്തിയുള്ള വിധി പീഡനക്കേസ്സുകളെ നിര്‍ണായകമായി ബാധിക്കാവുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























