കടലാസ് പുലിയെന്നു കളിയാക്കിയവര്‍ക്കുള്ള ഇന്ത്യയുടെ മറുപടി; ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ച ഇന്ത്യയുടെ മിഷന്‍ ശക്തി ചർച്ചയാകുന്നു

അന്ന് കടലാസ് പുലിയെന്നു കളിയാക്കിയവര്‍ക്കുള്ള ഇന്ത്യയുടെ മറുപടിയാണ് പുതിയ ബഹിരാകാശ ഗര്‍ജനം. ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ച ഇന്ത്യയുടെ മിഷന്‍ ശക്തിയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ബഹിരാകാശത്തെ ഒരു ഉപഗ്രഹത്തെ തകര്‍ക്കാന്‍ രാജ്യം ശേഷി നേടുകയെന്നത് പ്രതിരോധപരമായി വലിയ നേട്ടമായാണു കണക്കാക്കുക.
ശത്രുരാജ്യങ്ങളുടെ സാറ്റലൈറ്റുകള്‍ മരവിപ്പിക്കുക, തകര്‍ക്കുക തുടങ്ങിയ ശേഷികള്‍ക്കായി ഒട്ടേറെ രാജ്യങ്ങള്‍ കാലങ്ങളായി ശ്രമിക്കുന്നു. 1950കളില്‍ ശീതയുദ്ധകാലത്താണ് റഷ്യയും യുഎസും എസാറ്റ് വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്കു തുടക്കമിട്ടത്.
ചൈനയാകട്ടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ബഹിരാകാശ യുദ്ധ മേഖലയില്‍ വന്‍ ശക്തിയാകുന്നത്. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇപ്പോള്‍ ബഹിരാകാശ യുദ്ധത്തില്‍ ഇന്ത്യയും തോളോടു തോള്‍ ചേരുന്നത്. എന്നാല്‍ ഗവേഷണപരമായ ആവശ്യങ്ങള്‍ക്കാണു തങ്ങളുടെ മുന്‍ഗണനയെന്നും യുദ്ധത്തിന് എതിരാണെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുമുണ്ട്.
കമ്യൂണിക്കേഷന്‍ സാറ്റലൈറ്റുകളും ചാര ഉപഗ്രഹങ്ങളുമെല്ലാം തകര്‍ക്കാന്‍ ശേഷിയുള്ള രാജ്യമാണ് തങ്ങളെന്ന് ഇന്ത്യ നല്‍കുന്ന സൂചനയ്ക്കും രാജ്യാന്തര തലത്തില്‍ പ്രസക്തിയേറെ. യുദ്ധത്തിനെതിരാണെന്നു പറയുന്നെങ്കിലും ബഹിരാകാശ യുദ്ധത്തിലേക്ക് ഇന്ത്യയും കച്ചകെട്ടിയിറങ്ങുകയാണെന്ന വ്യക്തമായ അറിയിപ്പാണ് ഓപറേഷന്‍ ശക്തി. പ്രത്യേകിച്ച് പാക്കിസ്ഥാനും ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം ഏറെക്കുറെ വഷളായിരിക്കുന്ന സാഹചര്യത്തില്‍. നയതന്ത്ര പ്രശ്‌നങ്ങളും വരാനിരിക്കുന്നതേയുള്ളൂ.
https://www.facebook.com/Malayalivartha