ബെംഗളുരു സ്‌ഫോടനം, അന്വേഷണം കേരളത്തിലേക്കും

ബെംഗളൂരുവിലെ ചര്‍ച്ച് സ്ട്രീറ്റിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലിസിന്റെ പ്രത്യേക അന്വേഷണ സംഘം കേരളത്തിലെത്തും. ഇതിനകം തന്നെ ഇന്ത്യയുടെ പല ഭാഗങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അന്വേഷണത്തിനായി പുണെ, ചെന്നൈ എന്നിവിടങ്ങളിലേക്ക് പൊലീസ് സംഘത്തെ അയച്ചിട്ടുണ്ട്. 2008ലെ ബെംഗളൂരു സ്‌ഫോടനത്തിലെ പ്രതികളായ തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവര്‍ കേരളത്തില്‍ നിന്നുള്ളവരായതിനാലാണ് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നത്.
കര്‍ണാടക പൊലീസിനൊപ്പം കേന്ദ്ര അന്വേഷണ ഏജന്‍സികളായ എന്‍ഐഎ - ഐബി ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം സ്‌പോടനം നടന്ന സ്ഥലത്ത് പരിശോധന നടത്തി. സമീപത്തെ കെട്ടിടങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. അമോണിയം നൈട്രേറ്റ്, സ്റ്റീല്‍ ചീളുകള്‍, ആണി എന്നിവ സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തു. ഇവ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ബെംഗളൂരു സ്‌ഫോടത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ആക്രമണ സാധ്യത കണക്കിലെടുത്തു ജാഗ്രതാ നിര്‍ദേശം നല്‍കിയെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താനായി ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഞായറാഴ്ച രാത്രിയാണ് സ്‌ഫോടനം ഉണ്ടായത്. ഇത് ഭീകരാക്രമണമാണെന്ന് ഇന്നലെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു അറിയിച്ചിരുന്നു.
ഇതിനിടെ കോക്കനട്ട് ഗ്രോവ് റസ്‌റ്റോറന്റിന് മുന്നിലെ പുല്‍ച്ചെടികള്‍ക്കുള്ളിലാണ് ബോംബ് വച്ചതെന്ന് കണ്ടെത്തി. ഇവിടത്തെ കാവല്‍ക്കാരെയും മറ്റൊരാളെയും ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിനിടെ, സ്‌ഫോടനത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ പത്തുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























