ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ വിരമിച്ചു

ഇന്ത്യയുടെ ബഹിരാകാശ് പദ്ധതികള്‍ക്ക പുതുജിവന്‍ നല്‍കിയ മലയാളികള്‍ക്ക് അഭിമാനമായിരുന്ന ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ വിരമിച്ചു. ഐഎസ്ആര്‍ഒ ചെയര്‍മാന്‍, കേന്ദ്ര ബഹിരാകാശ സെക്രട്ടറി, സ്‌പേസ് കമ്മിഷന്‍ ചെയര്‍മാന്‍ എന്നീ പദവികളില്‍ അദ്ദേഹത്തിന്റെ കാലാവധിയണ് ഇന്നലെ അവസാനിച്ചത്. ഇന്ത്യയുടെ ചൊവ്വാ ഭ്രമണപഥ പര്യവേക്ഷണ ദൗത്യമായ മംഗള്‍യാന്റെ പൂര്‍ത്തീകരണത്തിനു നേതൃത്വം കൊടുത്ത് താരപരിവേഷവുമായാണു ഡോ. രാധാകൃഷ്ണന്‍ (65) വിരമിക്കുന്നത്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 24ന് ഇന്ത്യയുടെ മംഗള്‍യാന്‍ ദൗത്യം വിജയത്തിലെത്തിയത് ഔദ്യോഗിക ജീവിതത്തിലെ പൊന്‍തൂവലായി. 450 കോടി രൂപ മാത്രം ചെലവിട്ടുള്ള ഇന്ത്യന്‍ ചൊവ്വാദൗത്യം ലോകത്തെ ഏറ്റവും ചെലവു കുറഞ്ഞതാണ്. ആദ്യ ശ്രമത്തില്‍ത്തന്നെ വിജയിച്ച ചൊവ്വാദൗത്യവും ഇന്ത്യയുടേതു മാത്രം.
ചന്ദ്രയാന്‍ 1 വിക്ഷേപിച്ച ഉപഗ്രഹ വിക്ഷേപണ വാഹനമുള്‍പ്പെടെ ഒട്ടേറെ പിഎസ്എല്‍വികള്‍, ചന്ദ്രയാന്‍ പേടകത്തില്‍നിന്നു വേര്‍പെട്ടു ചന്ദ്രോപരിതലത്തിലേക്കു പതിക്കുന്ന മൂണ്‍ ഇംപാക്ട് പ്രോബ് (എംഐപി) അടക്കമുള്ള ഒട്ടേറെ സാങ്കേതികവിദ്യകള്‍ എന്നിവയുടെ വികസനം ഡോ. രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു. വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഡയറക്ടര്‍, ഹൈദരാബാദ് നാഷനല്‍ റിമോട്ട് സെന്‍സിങ് ഏജന്‍സി ഡയറക്ടര്‍ തുടങ്ങി ഒട്ടേറെ നിര്‍ണായക ചുമതലകളും വഹിച്ചു. നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ്, ഇന്ത്യയുടെ സൂനാമി മുന്നറിയിപ്പുകേന്ദ്രം എന്നിവ സ്ഥാപിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
കേന്ദ്ര സര്‍ക്കാര്‍ ഇദ്ദേഹത്തിന്റെ ഔദ്യോഗിക കാലാവധി മൂന്നു തവണ നീട്ടിയിരുന്നു. രണ്ടു കൊല്ലം വീതം രണ്ടു തവണയും പിന്നീട് കഴിഞ്ഞ ഓഗസ്റ്റ് 29ന് നാലു മാസത്തേക്കുമാണ് നീട്ടിയത്.
തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദവും ബാംഗ്ലൂര്‍ ഐഐഎമ്മില്‍ നിന്ന് എംബിഎയും, ഖോരക്പൂര്‍ ഐഐടിയില്‍ നിന്നു ഡോക്ടറേറ്റും നേടിയ രാധാകൃഷ്ണന്‍ 1971ല്‍ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ ഏവിയോണിക്‌സ് എന്‍ജിനീയറായി ഔദ്യോഗിക ജീവിതം തുടങ്ങി. ഐഎസ്ആര്‍ഒയുടെ വിവിധ വകുപ്പുകളില്‍ സേവനം അനുഷ്ഠിച്ചു. 2014ലെ ഏറ്റവും പ്രമുഖരായ പത്തു ശാസ്ത്രവ്യക്തിത്വങ്ങളിലൊന്നായി നേച്ചര്‍ സയന്‍സ് മാസിക ഈയിടെ തിരഞ്ഞെടുത്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























