പാക്കിസ്ഥാന്‍ ആരോപണം നിഷേധിച്ചു : ഭീകരര്‍ക്കായൂളള തിരച്ചില്‍ തുടരുന്നു

ഇന്ത്യ ലക്ഷ്യമാക്കി വന്ന ഭീകരരുടെ ബോട്ടിനെ പറ്റിയും അതിലുണ്ടായിരുന്ന ഭീകരരെ കുറിച്ചും തിരച്ചില്‍ തുടരുകയാണെന്ന് തീരസംരക്ഷണ സേന. സംഭവം നടന്ന സ്ഥലത്തിന് ചുറ്റും വിശദമായ പരിശോധനയാണ് നടത്തുന്നത്. ബോട്ടിലുണ്ടായിരുന്ന ഭീകരരെ പറ്റി വിവരം ഒന്നും ലഭിച്ചിട്ടില്ല. പെട്രോളിങ് ശക്തമായി തുടരും. പാക്കിസ്ഥാനില്‍നിന്നു മൂന്നു ബോട്ടുകള്‍ ഒരുമിച്ചാണു പുറപ്പെട്ടതെന്നും കടലില്‍ മുങ്ങിയ ബോട്ടില്‍ നിന്ന് എടുത്തുചാടിയ നാലു ഭീകരരെയുമായി മറ്റു രണ്ടു ബോട്ടുകള്‍ രക്ഷപ്പെട്ടുവെന്നുമാണു റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്നു പുതുവര്‍ഷത്തലേന്ന് ഭീകരരും സ്‌ഫോടക വസ്തുക്കളുമായി പുറപ്പെട്ട ബോട്ട് ഗുജറാത്ത് തീരത്ത് അറബിക്കടലില്‍ തീരസംരക്ഷണ സേന തടയുകയായിരുന്നു. പരിശോധനയ്ക്കു വിട്ടുനല്‍കാതെ ഭീകരര്‍ ബോട്ടിനു തീകൊളുത്തി സ്‌ഫോടനം നടത്തി കടലില്‍ മുക്കി.
സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ: ഡിസംബര്‍ 31ന് വൈകീട്ട് ദുരൂഹ സാഹചര്യത്തില്‍ ഒരു ബോട്ട് പോര്‍ബന്തറില്‍ നിന്നും 265 കിലോമീറ്റര്‍ വടക്ക്-പടിഞ്ഞാറായി ശ്രദ്ധയില്‍പ്പെട്ടു. ആ ബോട്ട് തടയാനും അവരുമായി ആശയവിനിമയം നടത്താനും ശ്രമിച്ചു. എന്നാല്‍ ബോട്ടില്‍ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല. പിന്നീട് അവര്‍ കുറച്ച് നേരം ബോട്ടിലെ വെളിച്ചം കെടുത്തി. കുറച്ച് സമയത്തിന് ശേഷം അവര്‍ സ്വയം ബോട്ട് തീവച്ച് നശിപ്പിക്കുകയായിരുന്നു.
പാക്കിസ്ഥാനില്‍ നിന്നുള്ള ബോട്ടാണ് സ്‌ഫോടനത്തില്‍ തകര്‍ന്നതെന്ന ഇന്ത്യയുടെ വാദം അടിസ്ഥാന രഹിതമെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കറാച്ചിയിലെ കേത്തി ബന്ദറില്‍ നിന്നു ഇത്തരമൊരു ബോട്ട് പുറപ്പെട്ടിട്ടില്ല. കുറ്റം പാക്കിസ്ഥാന്റെ മേല്‍ കെട്ടിവയ്ക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നും ആരോപിച്ചു. സംഭവത്തിന് ശേഷം ആദ്യമായാണ് പാക്കിസ്ഥാന്‍ ഔദ്യോഗികമായി പ്രസ്താവന നടത്തുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ പാക്കിസ്ഥാന്റെ മല്‍സ്യബന്ധന ബോട്ട് ഇന്ത്യന്‍ നാവികസേന ആക്രമിക്കുകയായിരുന്നുവെന്നാണ് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























