മാവോയിസ്റ്റ് വേട്ടയ്ക്ക് ആന്ധ്രാ മോഡല്‍ സേന: കണ്ടാലുടന്‍ വെടിവയ്ക്കാന്‍ പ്രത്യേകാധികാരം

മാവോയിസ്റ്റു വേട്ടയ്ക്ക് പുത്തന്‍ സേനയുമായി സര്‍ക്കാര്‍. ആദിവാസികളെക്കൂടി സേനയില്‍ ഉള്‍പ്പെടുത്തും. മാവോയിസ്റ്റു കളടക്കമുള്ള തീവ്ര ഇടതുപക്ഷഭീഷണി ഉന്മൂലനം ചെയ്യാന്‍ ലക്ഷ്യമിട്ട് 30 വയസില്‍ താഴെയുള്ള 300 പോലീസുകാരെ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് നക്‌സല്‍ വിരുദ്ധസേന (എ.എന്‍.എഫ്) രൂപീകരിക്കും.
ഇവര്‍ക്കായി 500 എ.കെ47 തോക്കുകള്‍ പുതുതായി വാങ്ങാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പോലീസ് ഉന്നതതലയോഗം തീരുമാനിച്ചു. പുതിയ ദൗത്യസേനയില്‍ ആദിവാസികളെക്കൂടി ഉള്‍പ്പെടുത്താനാണ് ആഭ്യന്തരമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം. സേനാരൂപീകരണം സംബന്ധിച്ച നയരേഖ തയാറാക്കാന്‍ സംസ്ഥാന പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യത്തേയും ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി നളിനി നെറ്റോയേയും ചുമതലപ്പെടുത്തി.
കണ്ണൂര്‍ ഡി.ഐ.ജി. ദിനേന്ദ്രകശ്യപായിരിക്കും എ.എന്‍.എഫ്. മേധാവി. 30നു മേല്‍ പ്രായമുള്ള പോലീസുകാരെ ദൗത്യസേനയില്‍ ഉള്‍പ്പെടുത്തില്ല. 16 മാസത്തിനുള്ളില്‍ മാവോയിസ്റ്റ്നക്‌സല്‍ ഉന്മൂലനമാണു ലക്ഷ്യം. ഉള്‍വനത്തിലെ സഞ്ചാരപഥങ്ങള്‍ തിരിച്ചറിയാനാണ് ആദിവാസികളെ സേനയില്‍ ഉള്‍പ്പെടുത്തുന്നത്.
നക്‌സല്‍വേട്ടയില്‍ പ്രാവീണ്യമുള്ള ആന്ധ്ര-ഛത്തീസ്ഗഡ് പോലീസിന്റെ പ്രത്യേകപരിശീലനം പുതുതായി രൂപീകരിക്കുന്ന സേനയ്ക്കു ലഭ്യമാക്കും. അതിനായി സേനാംഗങ്ങളെ ഈ സംസ്ഥാനങ്ങളിലേക്കയയ്ക്കും. ശമ്പളത്തിന്റെ 50% റിസ്‌ക് അലവന്‍സും സ്‌പെഷല്‍ അലവന്‍സും നല്‍കും. ഗുരുതരപരുക്കേറ്റാല്‍പോലും കുടുംബാംഗങ്ങള്‍ക്കു സര്‍ക്കാര്‍ജോലി നല്‍കുന്നതു പരിഗണിക്കണമെന്നു നിര്‍ദിഷ്ടനയരേഖയിലുണ്ട്.
വനത്തിനുള്ളില്‍ ദൗത്യനിര്‍വഹണത്തിലേര്‍പ്പെടുന്ന തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകള്‍ക്കും വനാതിര്‍ത്തിയിലെ പോലീസ് സ്‌റ്റേഷനുകള്‍ക്കും സംരക്ഷണമൊരുക്കുന്നത് എ.എന്‍.എഫിന്റെ ചുമതലയായിരിക്കും. അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാനുള്ള അധികാരം നല്‍കാന്‍ പ്രത്യേക ഉത്തരവു പുറപ്പെടുവിക്കും.
കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ അനുമതിയോടെയാണു പുതിയ സേന നിലവില്‍വരുക. മാവോയിസ്റ്റ് ഭീഷണി കണക്കിലെടുത്ത് വനപാലകര്‍ക്കു റിവോള്‍വറിനു പുറമേ നാനൂറോളം എ.കെ.47 വാങ്ങാനും തീരുമാനമുണ്ട്. ഇവര്‍ക്കുള്ള പരിശീലനം പോലീസ് അക്കാദമിയിലാകും.
ദേശീയ ഗെയിംസിനു മാവോയിസ്റ്റ് ഭീഷണിയുയര്‍ന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതലയോഗം ചൊവ്വാഴ്ച വീണ്ടും ചേരും. അതേസമയം, ഗെയിംസിനു പ്രത്യേകസുരക്ഷയൊരുക്കാനുള്ള തുക അനുവദിക്കാതെ ധനവകുപ്പ് ഉടക്കിടുന്നതു പോലീസിനെ ആശങ്കയിലാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























