കമൽനാഥിനെ കോൺഗ്രസ് അധ്യക്ഷനാക്കിയേക്കും; കർണ്ണാടക നിയമസഭയിലെ കോൺഗ്രസ് അംഗങ്ങളുടെ കൂറു മാറ്റത്തിന് പിന്നാലെ മധ്യപ്രദേശിലും വിമത ഭീഷണിക്കു സാധ്യതകൾ ഏറുന്നു

കർണ്ണാടക നിയമസഭയിലെ കോൺഗ്രസ് അംഗങ്ങളുടെ കൂറു മാറ്റത്തിന് പിന്നാലെ മധ്യപ്രദേശിലും വിമത ഭീഷണിക്കു സാധ്യതകൾ ഏറുന്നു. ജ്യോതിരാദിത്യ സിന്ധ്യയെ മുഖ്യമന്തി ആക്കികൊണ്ടു മധ്യ പ്രദേശിൽ ഭരണം ഏതു വിധേനെയും നിലനിർത്തേണ്ട സാഹചര്യമാണ് കോൺഗ്രസിന്. രണ്ടായിരത്തിപ്പതിനെട്ടിൽ കോൺഗ്രസ് കേവല ഭൂരിപക്ഷത്തിനു തൊട്ടടുത്ത് വരെ എത്തുകയും സ്വതന്ത്ര എംഎൽഎ മാരുടെ പിന്തുണയോടു കൂടി ഭരണം നേടിയെടുക്കുകയും ചെയ്തു.
എന്നാൽ കമൽ നാഥിനെ മുഖ്യമന്ത്രി ആക്കിയ ഏകപക്ഷീയമായ നടപടിയെ മധ്യപ്രദേശ് പിസിസിയിൽ തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. നിലവിൽ നൂറ്റിയൊൻപതു എംഎൽഎമാരുള്ള ബിജെപി കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ഏതുവിധേനയും തയ്യാറെടുക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ചിന്തുവാര ഒഴികെ മറ്റെല്ലാമണ്ഡലങ്ങളിലും പരാജയപ്പെട്ടിരുന്നു. ഗുണ ലോക്സഭാ മണ്ഡലത്തിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ പരാജയം കോൺഗ്രസ് പിസിസിയെ ഞെട്ടിച്ചിരുന്നു.
കർണ്ണാടക നിയമസഭയിലെ കോൺഗ്രസ് ജെഡിഎസ് മാരുടെ കൂട്ട രാജിക്കു ശേഷം എല്ലാ ശ്രദ്ധയും മധ്യപ്രദേശിലേക്കു തിരിഞ്ഞിരിക്കുകയാണ്. ഭരണ പരിചയത്തിൽ പ്രാഗൽഭ്യം തെളിയിച്ച മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ ഇത്തവണ കേന്ദ്ര ക്യാബിനറ്റിൽ ഉൾപ്പെടുത്താൻ ആലോചിച്ചിരുന്നുവെങ്കിലും പാർട്ടി അധ്യക്ഷൻ അമിത്ഷായുടെ ഇടപെടലിലാണ് ചൗഹാനെ സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ തുടരാൻ അനുവദിച്ചത്. മധ്യ പ്രദേശിലെ ഭരണപക്ഷ എം എൽ എമാരിൽ ചൗഹാനുമായി അടുപ്പമുള്ളവർ ഏറെയാണെന്ന് കോൺഗ്രസ് ക്യാമ്പുകളിൽ തന്നെ അഭ്യൂഹമുയർന്ന സാഹചര്യത്തിലാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വം മധ്യപ്രദേശിലേക്കു ശ്രദ്ധ തിരിച്ചിരിക്കുന്നത്.
കമൽ നാഥിനെ മുഖ്യമന്ത്രി പദത്തിൽ നിന്നും നീക്കി പകരം നാൽപ്പത്തെട്ടുകാരനായ ജ്യോതിരാദിത്യ സിന്ധ്യയെ മുഖ്യമന്ത്രിയാക്കുക വഴി സിന്ധ്യയെ അനുകൂലിക്കുന്ന കോൺഗ്രസ് എംഎൽഎ മാരുടെ വിശ്വാസ്യത നേടിയെടുക്കാൻ കഴിയും എന്നാണ് കരുതുന്നത്. രണ്ടായിരത്തിമൂന്നിൽ അധികാരം നഷ്ടപ്പെട്ട കോൺഗ്രസ് മധ്യപ്രദേശിൽ പതിനഞ്ചു വർഷത്തെ ഇടവേളക്കു ശേഷമാണു അധികാരത്തിൽ എത്തിയത്. അതിനാൽ തന്നെ സംസ്ഥാനത്തു ഭരണം നിലനിർത്തേണ്ടത് അവർക്കു വലിയ വെല്ലുവിളിയാണ്. എന്നാൽ രാഹുൽഗാന്ധിയുടെ വിശ്വസ്തനായ കമൽനാഥിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കി എഐസിസി പുനഃസംഘടനയിൽ എഐസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനവും രാജ്യസഭാ സീറ്റും നൽകി പ്രശ്നപരിഹാരം കണ്ടെത്താൻ കോൺഗ്രസ് കേന്ദ്ര നേതൃത്വം ശ്രമിക്കുന്നു എന്നാണ് അഭ്യൂഹം. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ രാഹുൽ ഗാന്ധി കോൺഗ്രസ് സ്ഥാനം ഏറ്റെടുത്തില്ലെങ്കിൽ കമൽ നാഥിനാകും നറുക്കു വീഴുക എന്ന കാര്യം ഏറെ കുറേ വ്യക്തമായിക്കഴിഞ്ഞു .
https://www.facebook.com/Malayalivartha