ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതില്‍ എതിര്‍പ്പ്: ഇന്ത്യന്‍ സംഘത്തിന് വീസ നിഷേധിച്ച ചൈന പിന്നീട് അനുമതി നല്‍കി

കൈലാസ് മാനസരോവര്‍ യാത്രയ്ക്ക് അപേക്ഷ നല്‍കിയ ഇന്ത്യന്‍ സംഘത്തിന് ചൈന വീസ നിഷേധിച്ചു. ജമ്മു കശ്മീര്‍ വിഭജിച്ച് ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയതിനു ശേഷമാണ് ചൈനീസ് നടപടി. ചൊവ്വാഴ്ച വീസ ലഭിക്കേണ്ടിയിരുന്ന ഇന്ത്യന്‍ സംഘത്തിന് ഇതുസംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.
ബുധനാഴ്ച രാവിലെയാണ് സംഘം പുറപ്പെടേണ്ടിയിരുന്നത്. നേരത്തെ ദോക് ലാം പ്രശ്നത്തിനിടയിലും മാനസരോവര്‍ യാത്രക്ക് ചൈന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ജൂണ്‍ എട്ടിന് ആരംഭിച്ച ഈ വര്‍ഷത്തെ കൈലാസ് മാനസരോവര്‍ യാത്ര അടുത്ത മാസം അവസാനിക്കും. വിദേശകാര്യ മന്ത്രാലയത്തിനാണ് നടത്തിപ്പ് ചുമതല. ഉത്തരാഖണ്ഡിലെ ലിപുലേഖ് വഴിയും സിക്കിമിലെ നാഥുല വഴിയുമാണ് യാത്ര. ചൈനീസ് അതിര്‍ത്തിയിലുള്ള പര്‍വതമേഖലയിലൂടെയാണ് മാനസരോവറില്‍ എത്തുന്നത്.
ഇന്ത്യ , ജമ്മു-കശ്മീരില്‍ നടത്തിയ ഇടപെടലില്‍ ചൈന കഴിഞ്ഞ ദിവസം ആശങ്ക അറിയിച്ചിരുന്നു. തല്‍സ്ഥിതിയില്‍ മാറ്റമുണ്ടാക്കും വിധം ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കരുതെന്നും സംഘര്‍ഷം വര്‍ധിപ്പിക്കരുതെന്നും ഇന്ത്യയോടും പാക്കിസ്ഥാനോടും ആവശ്യപ്പെട്ട ചൈന, കശ്മീരിലെ സ്ഥിതിഗതികളില്‍ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തുകയും ചെയ്തു. ഇതിന്റെ പിന്തുടര്‍ച്ചയായാണ് ഇന്ത്യന്‍ സംഘത്തിനു വീസ നിഷേധിച്ചതെന്നാണ് സൂചന.
ചൈന-ഇന്ത്യ അതിര്‍ത്തിയുടെ പടിഞ്ഞാറന്‍ ഭാഗത്തെ ചൈനീസ് മേഖലയെ എപ്പോഴും ഇന്ത്യയുടെ അധികാരപരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ ശക്തമായി എതിര്‍ക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുനിയിങ് പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര നിയമങ്ങള്‍ അടുത്തിടെ ഏകപക്ഷീയമായി ഭേദഗതി ചെയ്തത് ലഡാക്ക് മേഖലയിലെ ചൈനയുടെ അധികാരത്തെ ദുര്‍ബലപ്പെടുത്തുന്നതിനു വേണ്ടിയാണ്. ഇത് തികച്ചും അസ്വീകാര്യമാണ്. ചൈനയുടേത് ഉറച്ച നിലപാടാണെന്നും ഹുവ ഹുവ ചുനിയിങ് പറഞ്ഞു.
എന്നാല്‍ ഇന്ത്യയുടെ അധികാരപരിധിയില്‍ ഉള്ള ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കുന്നത് ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരവിഷയങ്ങള്‍ ഇന്ത്യ പരാമര്‍ശിക്കാറില്ലാത്തതുപോലെ തിരിച്ചും പ്രതീക്ഷിക്കുന്നുവെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ മറുപടി നല്‍കി. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ രാഷ്ട്രീയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ന്യായമായ, പരസ്പര സ്വീകാര്യമായ പരിഹാരത്തിന് ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയുണ്ടെന്നും രവീഷ് കുമാര്‍ പറഞ്ഞു.
ചൊവ്വാഴ്ച വിസ നിഷേധിച്ചെങ്കിലും ബുധനാഴ്ച 11 മണിയോടെ രണ്ടാമത്തെ സംഘം മാനസരോവറിലേക്ക് പുറപ്പെട്ടതായാണ് ഒടുവില്‍ ലഭ്യമായ വിവരം.
https://www.facebook.com/Malayalivartha






















