ഇന്റർനെറ്റും ഫോണും ഭാഗികമായി പുനഃസ്ഥാപിച്ചു; ജാഗ്രതയോടെ സൈന്യം...

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്ര ഭരണം ഏര്‍പ്പെടുത്തിയതിനു പിന്നാലെ ജമ്മു കശ്മീര്‍ സാധാരണ നിലയിലേക്ക്. പ്രദേശത്തെ ഇന്റര്‍നെറ്റ് ഫോണ്‍ സേവനങ്ങള്‍ ഭാഗികമായി ഭരണകൂടം പുനസ്ഥാപിക്കുകയും ചെയ്തു. ഈദ് പെരുന്നാളിനോട് അനുബന്ധിച്ചാണ് ഇന്റര്‍നെറ്റ് മൊബൈല്‍ സേവനങ്ങള്‍ ഭാഗികമായി പുനസ്ഥാപിച്ചിരിക്കുന്നത്. ജമ്മു കശ്‍മീരിലെ ജമ്മു ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. ഓഗസ്റ്റ് പത്ത് മുതല്‍ സ്‍കൂളുകള്‍, കോളേജുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിയും. ജമ്മു ജില്ലാ മജിസ്ട്രേറ്റ് സുഷമ ചൗഹാന്‍ ആണ് നിരോധനാജ്ഞ പിന്‍വലിച്ച് ഉത്തരവിറക്കിയത്. വെള്ളിയാഴ്‍ച്ച വൈകീട്ടോടെ ഉത്തരവ് പ്രാബല്യത്തിലായി. കശ്‍മീരിന് പ്രത്യേക ഭരണഘടന പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് 144 ജമ്മുവില്‍ മാത്രമായി പിന്‍വലിക്കുന്നത്.
കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോള്‍ ഈദിന് ജമ്മു കാശ്മീരിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാദ്ധ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നതാണ്. അതിനു പിന്നാലെയാണ് കശ്മീരിലെ നടപടികള്‍ അയവ് വരുത്തിയിരിക്കുന്നത്. കൂടാതെ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് വേണ്ടി പുറത്തിറങ്ങുന്നവരെ തടയരുതെന്നും സൈന്യത്തിന് നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുന്നത് തടയാന്‍ കനത്ത ജാഗ്രത പുലര്‍ത്താനാണ് സൈന്യത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.
അതേസമയം ശ്രീനഗറിലെ ജുമാ മസ്ജിദ് അടച്ചിട്ടിരിക്കുകയാണ്. മറ്റ് ചെറിയ പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുമതി കൊടുത്തിട്ടുണ്ട്. സുരക്ഷയ്ക്കായി മതിയായ സൈനികരെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്ന് വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ പ്രാര്‍ത്ഥന നടക്കുകയാണെങ്കില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലക്കുമെന്നും ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിച്ചു. പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കുമെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്കും അറിയിച്ചു. ജമ്മു കശ്മീരില്‍ പുതുയുഗം പിറന്നെന്നും ഭീകരപ്രവര്‍ത്തനവും വിഘടനവാദവും തുടച്ചുനീക്കി ഭൂമിയിലെ സ്വര്‍ഗമായി ഈ നാടിനെ വീണ്ടെടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഈ വകുപ്പ് സംസ്ഥാനത്തിന് ഭീകരപ്രവര്‍ത്തനവും അഴിമതിയും കുടുംബ ഭരണവും മാത്രമാണ് സമ്മാനിച്ചത്. പാക്കിസ്ഥാന്‍ അതിനെ ഭീകരത പരത്താനുള്ള ആയുധമാക്കുകയും ചെയ്തു. ഈ തീരുമാനം ചരിത്രപരമാണ്. ജമ്മു കശ്മീരിലെയും ലഡാക്കിലെയും ഈ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും അഭിനന്ദിക്കുന്നു. ഇപ്പോള്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ഒരേ അവകാശം ലഭിച്ചിരിക്കുന്നു. ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും ഭാവി ഇത് സുരക്ഷിതമാക്കും. സുഗമമായ നിലയില്‍ ഈദ് ആഘോഷങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha























