വായ്മൂടിക്കെട്ടി, കാലുകള്‍ കൂട്ടിക്കെട്ടി കൊലപ്പെടുത്തിയ നിലയില്‍ 90 നായ്ക്കളെ മഹാരാഷ്ട്രയില്‍ കണ്ടെത്തി

90 ഓളം തെരുവു നായ്ക്കളെ മഹാരാഷ്ട്രയിലെ ബുല്‍ധാനയില്‍ വനമേഖലയോട് ചേര്‍ന്ന് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വായ്മൂടിക്കെട്ടി, കാലുകള്‍ പരസ്പരം കൂട്ടിക്കെട്ടിയ നിലയിലാണ് നായ്ക്കളെ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് ഗിരിദ-സവല്‍ദബാര റോഡില്‍ പല ഭാഗത്തായാണ് നായ്ക്കളുടെ ശവശരീരം കണ്ടെത്തിയത്.
നൂറിലേറെ നായ്ക്കള്‍ റോഡില്‍ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. ഇവയില്‍ 90 എണ്ണം ജീവനറ്റതായിരുന്നു. വലിയ ദുര്‍ഗന്ധം വന്നതോടെയാണ് നാട്ടുകാര്‍ വനമേഖലയില്‍ പരിശോധന നടത്തിയത്. നായ്ക്കള്‍ ചത്തുകിടക്കുന്നത് കണ്ടതോടെ വിവരം വനംവകുപ്പിനെയും പോലീസിനെയും അറിയിച്ചുവെന്നും നാട്ടുകാര്‍ പറയുന്നു.
അജ്ഞാതരായ അക്രമികള്‍ക്കെതിരെ മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമപ്രകാരവും ഐപിസി പ്രകാരവും കേസെടുത്തു. നായ്ക്കള്‍ എങ്ങനെയാണ് ചത്തതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ വ്യക്തമാകൂ. പ്രദേശത്തെ നായ്പിടുത്തക്കാരില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
https://www.facebook.com/Malayalivartha


























