പാചകവാതക ക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ വർദ്ധനവ്, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക നിരക്കിൽ മാറ്റമില്ല

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ വർദ്ധനവ്. സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിട്ടുള്ളത്. പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇപ്പോൾ 2,078.50 രൂപയാണ് വില. ഇതിനുമുമ്പ് മാർച്ച് ഒന്നിന് സിലിണ്ടറിന് 114.5 രൂപ വർധിപ്പിക്കുകയും ചെയ്തു.
അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക നിരക്കിൽ മാറ്റമില്ല. ഡൽഹിയിൽ 14.2 കിലോയുടെ ഗാർഹിക സിലിണ്ടറിന് 913 രൂപയാണ് വില. മാർച്ച് ആദ്യവാരം ഗാർഹിക സിലിണ്ടറുകൾക്ക് 60 രൂപ വർധിപ്പിച്ചിട്ടുണ്ടായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലനിലവാരവും വിനിമയ നിരക്കും അടിസ്ഥാനമാക്കി എല്ലാ മാസവും ഒന്നാം തീയതിയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികൾ ഇന്ധന വില പരിഷ്കരിക്കുന്നത്.
പശ്ചിമേഷ്യയിലെ യുദ്ധം ഊർജ വിതരണ ശൃംഖലയെ തടസ്സപ്പെടുത്തിയതിനെത്തുടർന്ന് ആഗോള എണ്ണവിലയിൽ ഏകദേശം 50 ശതമാനത്തോളം വർധനവാണുണ്ടായത്.
അതേസമയം ഡൽഹി അടക്കമുള്ള പ്രധാന നഗരങ്ങളിൽ ഓൺലൈനായി ബുക്ക് ചെയ്‌ത് ദിവസങ്ങൾക്ക് ശേഷവും സിലിണ്ടർ കിട്ടാത്ത സാഹചര്യമാണ്.
https://www.facebook.com/Malayalivartha


























