സെൻസസിന്റെ ആദ്യഘട്ടത്തിന് ഇന്ന് തുടക്കമാകും... കേരളത്തിൽ ഒന്നാം ഘട്ടം ജൂൺ 16 ന് തുടങ്ങും

16 വർഷത്തിനുശേഷം രാജ്യത്ത് നടക്കുന്ന സെൻസസിന്റെ ആദ്യഘട്ടത്തിന് ഇന്ന് തുടക്കമാകും. ഡൽഹി, കർണാടക, ഒഡീഷ, ഗോവ, ലക്ഷദ്വീപ്, മിസോറം, സിക്കിം, ആൻഡമാൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് ഇന്ന് സെൻസസ് ആരംഭിക്കുന്നത്. ഓഗസ്റ്റ് 31 വരെ ഒന്നാം ഘട്ടം തുടരും.
സെൻസസ് 2027 ന്റെ ആദ്യഘട്ടമായ ഭവനസെൻസസിന് മുന്നോടിയായുള്ള സ്വയം വിവരങ്ങൾ സമർപ്പിക്കൽ ( സെൽഫ് എന്യൂമറേഷൻ) ഉൾപ്പെടെയാണ് ബുധനാഴ്ച ആരംഭിക്കുന്നത്.
കേരളത്തിൽ ഒന്നാം ഘട്ടം ജൂൺ 16 ന് തുടങ്ങും. ജൂൺ 30 വരെ സെൽഫ് എന്യൂമറേഷൻ ( ഓൺലൈനായി സ്വയം വിവരങ്ങൾ സമർപ്പിക്കൽ ) നടത്താവുന്നതാണ്. തുടർന്ന് ജൂലൈ 01 മുതൽ 30 വരെയുള്ള കാലയളവിൽ സെൻസസ് പ്രവർത്തകർ വീടുകളിലെത്തി വിവരശേഖരണങ്ങൾ നടത്തും. വ്യക്തിവിവരങ്ങളും വീട്ടുവിവരങ്ങളുമാണ് ശേഖരിക്കുക. കെട്ടിടവിവരം, ഗൃഹോപകരണം, ദമ്പതികളുടെ എണ്ണം, ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ വിവരം, ജാതി വിവരം തുടങ്ങി 33 ചോദ്യങ്ങളാണ് ഒന്നാം ഘട്ടത്തിലുള്ളത്.
ആദ്യഘട്ട നടപടികൾ സെപ്റ്റംബർ 30 ന് പൂർത്തിയാക്കിയശേഷം 2027 ഫെബ്രുവരിയിൽ രണ്ടാം ഘട്ടം തുടങ്ങുകയും ചെയ്യും. രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യാ കണക്കെടുപ്പ് നടത്തുക. ജാതി സെൻസസും ഇതോടൊപ്പം ഉണ്ടാകും. ആദ്യമായാണ് ജാതിവിവരം കൂടി സെൻസസിന്റെ ഭാഗമാകുന്നത്.
വിവാഹം കഴിക്കാതെ തന്നെ ഒന്നിച്ചുകഴിയുന്നവരെ ബന്ധം സ്ഥിരതയുള്ളതാണെങ്കിൽ, വിവാഹിതരായി സെൻസസിൽ പരിഗണിക്കും. ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സെൻസസ് ആയതിനാൽ ഒട്ടുമിക്ക വിവരങ്ങളും 2027 ൽ പ്രസിദ്ധീകരിച്ചേക്കും.
"
https://www.facebook.com/Malayalivartha


























