റെയില്‍വേ പാളം പോലും ഇല്ലാത്ത ജില്ലയില്‍ നിന്നും കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് നേടി ആദിവാസി പെണ്‍കുട്ടി!

ഒഡീഷയിലെ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന മാല്‍ക്കന്‍ഗിരി യില്‍ നിന്നും അനുപ്രിയ മധുമിത ലക്ര എന്ന യുവതി വാണിജ്യ വിമാനങ്ങള്‍ പറത്താനുള്ള യോഗ്യത നേടിയതിനെ കുറിച്ച് ഒഡിഷ ആദിവാസി കല്യാണ്‍ മഹാസംഘ പ്രസിഡന്റ് നിരഞ്ജന്‍ ബിസിയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു; റെയില്‍വേ പാളം പോലും കാണാനില്ലാത്ത ജില്ലയില്‍ നിന്നും ഒരു ആദിവാസി യുവതി വിമാനം പറത്താന്‍ പോകുന്നു!
രാജ്യത്ത് ആദ്യമായി അത്തരം നേട്ടത്തിലെത്തുന്ന ആദിവാസി യുവതി എന്നതാണ് അനുപ്രിയയുടെ നേട്ടം. ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ കോ-പൈലറ്റായി 27-കാരിയായ അനുപ്രിയ ഈ മാസം അവസാനത്തോടെ ചുമതലയേല്‍ക്കും. ഇന്ത്യയിലെ പല യുവാക്കളുടേയും സ്വപ്നമായ എഞ്ചിനീയറിംഗ് തട്ടിക്കളഞ്ഞായിരുന്നു അനുപ്രിയ പൈലറ്റാകാനുള്ള ആഗ്രഹത്തിലേക്ക് എത്തിയത്. മാല്‍ക്കന്‍ഗിരിയില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം ഭുവനേശ്വറിലെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാഭ്യാസ കാലത്താണ് പൈലറ്റാകാനുള്ള മോഹം കുടിയേറിയത്.
2012-ലായിരുന്നു എഞ്ചിനീയറിംഗ് മോഹം വിട്ട് ഭുവനേശ്വറിലെ സര്‍ക്കാര്‍ എവിയേഷന്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനത്തിനു കയറിയത്. അമ്മാവന്റെ സഹായം കൊണ്ടും വിദ്യാഭ്യാസ വായ്പ കൊണ്ടും ഏഴാം വര്‍ഷം അനുപ്രിയ സ്വപ്നം സാക്ഷാത്ക്കരിച്ചു. പിതാവ് മിരിനിയാസ് ലര്‍ക്ക ഒഡീഷാ പോലീസിലെ കോണ്‍സ്റ്റബിളാണ്. ''എല്ലാ പെണ്‍കുട്ടികള്‍ക്കും മകള്‍ ഒരു പ്രചോദനമാകണമെന്ന് ആഗ്രഹിച്ചിരുന്നു. സ്വപ്നം കണ്ടത് എന്താണോ, അവള്‍ അത് നേടി. പെണ്‍മക്കളെ പിന്തുണയ്ക്കണമെന്ന് എല്ലാ മാതാപിതാക്കളോടും ആവശ്യപ്പെടുന്നു.'' മാതാവ് ജിമാജ് യാഷ്മിന്‍ ലക്ര പറഞ്ഞു.
അനുപ്രിയയുടെ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രി നവീന്‍ പട്നായിക് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. ഒഡിഷയിലെ 4.2 കോടി ജനസംഖ്യയില്‍ 22.95 ശതമാനം പേരും ആദിവാസികളാണ്. ഇവരില്‍ 41.20 ശതമാനം പേര്‍ മാത്രമേ സാക്ഷരത നേടിയിട്ടുള്ളൂ.
https://www.facebook.com/Malayalivartha


























