ഇസ്രോയ്ക്ക് അഭിനന്ദനവുമായി പാക്കിസ്ഥാനി ഗവേഷക

ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് അഭിനന്ദനവുമായി പാക്കിസ്ഥാനി ഗവേഷക. ചന്ദ്രയാന്‍ -2 അവസാന ഘട്ടത്തില്‍ പരാജയപ്പെട്ടെങ്കിലും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി ഉള്‍പ്പെടെ ഇസ്രോയ്ക്ക് പ്രശംസയുമായി എത്തിയിരുന്നു. എന്നാല്‍ പരാജയത്തിനു പിന്നാലെ ഇസ്രോയെ പരിഹസിച്ചാണ് പാക്കിസ്ഥാന്‍ രംഗത്തെത്തിയത്. ചന്ദ്രനിലേയ്ക്ക് അയച്ച കളിപ്പാട്ടം മുംബൈയില്‍ ലാന്‍ഡ് ചെയ്തുവെന്നായിരുന്നു പാകിസ്ഥാന്‍ ശാസ്ത്രമന്ത്രിയുടെ പരിഹാസം.
തുടര്‍ന്നാണ് ഇസ്രോയെ അഭിനന്ദിച്ച് പാക്കിസ്ഥാനി ഗവേഷക രംഗത്തെത്തിയത്. ഗവേഷകയും, ആദ്യ പാക്കിസ്ഥാനി ബഹിരാകാശ യാത്രികയാകാന്‍ തയ്യാറെടുത്തു കൊണ്ടിരിക്കുകയും ചെയ്യുന്ന നമീറ സലീം ആണ് ഇസ്രോയ്ക്ക് അഭിനന്ദനം ചൊരിഞ്ഞത്. 'ചന്ദ്രയാന്‍-2' ദൗത്യം ഇന്ത്യയ്ക്ക് മാത്രമല്ല ദക്ഷിണേഷ്യയ്ക്ക് മുഴുവന്‍ അഭിമാനമാണ്, ഒരു വലിയ ചുവടുവയ്പ്പാണ്. ലോക ബഹിരാകാശ വ്യവസായത്തിനും ഇത് അഭിമാനത്തിനുള്ള വക നല്‍കുന്നു'..നമീറ സലിം പറഞ്ഞു.
ബഹിരാകാശത്ത് രാഷ്ട്ര വിഭജനങ്ങള്‍ അലിഞ്ഞില്ലാതാകുന്ന സ്ഥിതിയുണ്ടാകുമെന്നും ബഹിരാകാശ ദൗത്യങ്ങള്‍ ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഏതുരാജ്യമാണ് ഇതു നടത്തുന്നതെന്നതിലുപരി നേട്ടങ്ങളെ ശ്രദ്ധിക്കണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടീഷ് സംരംഭകനും വ്യവസായിയുമായ സര്‍ റിച്ചാര്‍ഡ് ബ്രാന്‍സന്റെ 'വിര്‍ജിന്‍ ഗാലക്ടിക്' എന്ന ബഹിരാകാശ പേടകത്തിലൂടെ ബഹിരാകാശത്ത് എത്താന്‍ തയ്യാറെടുക്കുകയാണ് നമീറ. ബ്രാന്‍സന്റെ ക്രൂവിലെ ഒരേയൊരു പാകിസ്ഥാനി അംഗമാണ് നമീറ.
https://www.facebook.com/Malayalivartha


























