വിധിയെ അംഗീകരിച്ച് ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയം ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ മതവിഭാഗങ്ങളോടും സമുദായങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു; ചരിത്ര പ്രധാനമായ അയോദ്ധ്യ വിധിക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ

ചരിത്ര പ്രധാനമായ അയോദ്ധ്യ വിധിക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. അയോധ്യ തര്‍ക്ക ഭൂമിയില്‍ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് അമിത് ഷാ പറഞ്ഞു . വിധിയെ അംഗീകരിച്ച് ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയം ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ മതവിഭാഗങ്ങളോടും സമുദായങ്ങളോടും താന്‍ അഭ്യര്‍ത്ഥിക്കുകയാണ്. എല്ലാവരും സമാധാനവും ഐക്യവും കാത്ത് സൂക്ഷിക്കണമെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.
സുപ്രീം കോടതിയുടേത് ചരിത്രപരമായ വിധിയാണെന്നും എല്ലാവരും സംയമനം പാലിക്കണമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയും ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ വിധി എല്ലാവരും സ്വാഗതം ചെയ്യണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. ഇത് സാമൂഹിക ഐക്യത്തിന് ഗുണം ചെയ്യും. വിഷയത്തില്‍ കൂടുതല്‍ തര്‍ക്കങ്ങള്‍ ഉണ്ടാകരുത്, അതാണ് ജനങ്ങളോടുള്ള എന്‍റെ അഭ്യര്‍ത്ഥന, നീതീഷ് പറഞ്ഞു.
ദശാബ്ദങ്ങളായി നീണ്ട് നില്‍ക്കുന്ന തര്‍ക്കത്തിന് ഇന്ന് അവസാനമായിരിക്കുകയാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പ്രതികരിച്ചു. വിധിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. എല്ലാവരുടേയും വാദങ്ങളും ഭാഗങ്ങളും കേട്ട ശേഷമാണ് കോടതി ഏകകണ്ഠമായി വിധി പറഞ്ഞത്. സമാധാനവും ഐക്യവും കാത്ത് സൂക്ഷിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും അരവിന്ദ് കെജരിവാള്‍ ട്വീറ്റ് ചെയ്തു.
തർക്കം നിലനിൽക്കുന്ന ഭൂമിയിൽ ഒരു ട്രസ്റ്റ് രൂപീകരിച്ച് രാമക്ഷേത്രം നിർമ്മിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. അയോദ്ധ്യ തർക്ക ഭൂമിക്ക് സമീപം പള്ളി നിർമ്മിക്കാനായി മുസ്ലീങ്ങൾക്ക് അഞ്ചേക്കർ ഭൂമി കേന്ദ്ര സർക്കാർ നൽകണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ പറയുന്നു. രാമക്ഷേത്രം നിർമ്മിക്കുന്നതിനായി രൂപീകരിക്കുന്ന ട്രസ്റ്റിൽ നിർമോഹി അഖാഡയെ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചു. എന്നാൽ നിർമോഹി അഖാഡയ്ക്ക് നടത്തിപ്പ് അവകാശം മാത്രമേ ഉള്ളൂവെന്നും ആചാരപരമായ അവകാശങ്ങളൊന്നും അവർക്കില്ലെന്നും കോടതി പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. നിർമോഹി അഖാഡയുടെ ഹർജി തള്ളിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
സുന്നി വഖഫ് ബോർഡിന് ഭൂമിയിൽ കൈവശാവകാശം കോടതിയിൽ തെളിയിക്കാനായില്ല. വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രം അവകാശം തീരുമാനിക്കാനാവില്ലെന്നും ഇതിന് രേഖ ആവശ്യമാണെന്നും വിധി പ്രസ്താവത്തിൽ പറയുന്നു. കോടതി തീരുമാനം, വിശ്വാസം അനുസരിച്ചല്ല നിയമം അനുസരിച്ചാണെന്ന് വിധിയിൽ എടുത്തു പറയുന്നുണ്ട്. ക്ഷേത്രം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്ന ട്രസ്റ്റ് സംബന്ധിച്ച് കൂടുതൽ കാര്യങ്ങളൊന്നും കോടതി വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന് തീരുമാനമെടുക്കാം. പള്ളി നിർമ്മിക്കാൻ നൽകുന്ന അഞ്ചേക്കർ ഭൂമി സുന്നി വഖഫ് ബോർഡിന് കൂടി താൽപര്യമുള്ള സ്ഥലത്തായിരിക്കണം. പള്ളി നിർമ്മിക്കുന്നതിനുള്ള എല്ലാ സഹായവും കേന്ദ്ര സർക്കാർ നൽകണമെന്നും സുപ്രീം കോടതി അഞ്ചംഗ ഭരണഘടന ബെഞ്ച് അര മണിക്കൂർ നീണ്ടു നിന്ന വിധി പ്രസ്താവത്തിൽ പറയുന്നു.
https://www.facebook.com/Malayalivartha