റെയില്‍ ബജറ്റ് ഇന്ന്: നിരക്കിന് മാറ്റമുണ്ടാക്കില്ലെന്നാണ് സൂചന

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ റെയില്‍ ബജറ്റ് ഇന്ന് വകുപ്പ് മന്ത്രി സുരേഷ് പ്രഭു അവതിരിപ്പിക്കും. റെയില്‍വേ യാത്രാ, ചരക്ക് കൂലിയില്‍ മാറ്റം വരുത്തിയേക്കില്ലെന്നാണ് സൂചനകള്‍. ഡീസല്‍ നിരക്കു കുറഞ്ഞ സാഹചര്യത്തില്‍ യാത്രാനിരക്കുകള്‍ കുറയ്ക്കുമോയെന്ന ചോദ്യത്തിനു പ്രസക്തിയില്ലെന്നു സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. വികസന പദ്ധതികള്‍ക്കു പണമില്ലാതിരിക്കുമ്പോള്‍ വഴിവിട്ട ജനപ്രിയ നീക്കങ്ങള്‍ ആപല്‍ക്കരമാകുമെന്നായിരുന്നു വിശദീകരണം. ഡീസലിനു വില കുറഞ്ഞെങ്കിലും റെയില്‍വേയുടെ വൈദ്യുതിച്ചെലവു കൂടിയിരുന്നു.
റയില്‍വേ ഭൂമിയുടെ യുക്തിസഹമായ വിനിയോഗം, ലാഭകരമായ സംയുക്ത സംരംഭങ്ങള്‍, സ്വകാര്യ പങ്കാളിത്തം, പരസ്യ വരുമാനം തുടങ്ങിയവയാണു വിഭവസമാഹരണ മാര്‍ഗങ്ങളായി മുന്നിലുള്ളത്. സ്വകാര്യ പങ്കാളിത്തം സ്വകാര്യവല്‍ക്കരണമായി വ്യാഖ്യാനിക്കരുതെന്നു കഴിഞ്ഞദിവസം പ്രഭു മുന്നറിയിപ്പു നല്‍കിയിരുന്നു. ബുള്ളറ്റ് ട്രെയിനിനെക്കുറിച്ചു പുതിയ റയില്‍വേ മന്ത്രിയുടെ ആശയങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കാം. പ്രധാനമന്ത്രിയുടെ ഇഷ്ടപദ്ധതിയില്‍ ജപ്പാനും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
റയില്‍വേയുടെ 359 പ്രധാന പദ്ധതികളാണു നിര്‍മാണ ഘട്ടത്തിലുള്ളത്. ഇവ പൂര്‍ത്തിയാക്കാന്‍ 1.82 ലക്ഷം കോടി രൂപ വേണം. സ്വകാര്യ സഹകരണമില്ലാതെ ഇവയ്ക്കു പണം കണ്ടെത്തുക അസാധ്യമാണ്. അസാധ്യകാര്യങ്ങള്‍ക്കു പരിഹാരം കാണാന്‍ കൂടിയാണു ശിവസേനാ നേതാവായിരുന്ന സുരേഷ് പ്രഭുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിയിലെത്തിച്ചു കേന്ദ്രമന്ത്രിയാക്കിയത്. വിവിധ പദ്ധതികള്‍ക്കും മറ്റുമായി 1,82,000 കോടി രൂപ കണ്ടെത്തണമെന്ന പ്രതിസന്ധി റെയില്‍വെയുടെ മുന്നിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























