ജെ.എന്‍.യുവിലെ ഫീസ് വര്‍ദ്ധനവിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന സമരം ചെറുക്കാനാവാതെ, പുറത്ത് നിന്നുള്ള ക്രിമിനല്‍ സംഘങ്ങള്‍ സമരക്കാരെയും അധ്യാപകരെയും ആക്രമിച്ചപ്പോള്‍ പിന്തുണയുമായി നടി ദീപികാ പാദുക്കോണ്‍ ഇന്നലെ രാത്രി സബര്‍മതി ഹോസ്റ്റലില്‍ എത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുകയാണ്

ജെ.എന്‍.യുവിലെ ഫീസ് വര്‍ദ്ധനവിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന സമരം ചെറുക്കാനാവാതെ, പുറത്ത് നിന്നുള്ള ക്രിമിനല്‍ സംഘങ്ങള്‍ സമരക്കാരെയും അധ്യാപകരെയും ആക്രമിച്ചപ്പോള്‍ പിന്തുണയുമായി നടി ദീപികാ പാദുക്കോണ്‍ ഇന്നലെ രാത്രി സബര്‍മതി ഹോസ്റ്റലില്‍ എത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുകയാണ്. തപ്‌സി പാനു, സുസ്മിതാ സെന്‍, ഫര്‍ഹാന്‍ അക്തര്‍, അനില്‍കപൂര്‍ തുടങ്ങിയ നിരവധി താരങ്ങളാണ് അക്രമികള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. സംഭവം ടി.വിയില്‍ കണ്ട ശേഷം തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്ന് നടന്‍ അനില്‍ കപൂര്‍ പ്രതികരിച്ചു. കൂടുതല്‍ താരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി എത്തുന്നത് കണ്ട് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ആശങ്കയിലായി. പ്രത്യേകിച്ച് രാഷ്ട്രീയ ചായ്‌വ് ഇല്ലാത്ത നടിമാരും നടന്‍മാരും എത്തിയതാണ് ഇവരെ കുഴയ്ക്കുന്നത്.
ഒരു തരത്തിലും നീതികരിക്കാനാവാത്ത സംഭവങ്ങളാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ് ഇന്ത്യാ ടുഡേ ചാനലിന്റെ ചര്‍ച്ചയില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഇന്ത്യക്കാരെ ദേശസ്‌നേഹികളും ദേശവിരുദ്ധരുമായി വിഭജിക്കാന്‍ ശ്രമിക്കുകയാണ്. ഇത് ദേശഭക്തിയല്ല, മോദിഭക്തിയാണ്. സമ്പദ് വ്യവസ്ഥ തകര്‍ത്തു. തൊഴിലില്ലായ്മ രൂക്ഷമായി. ഇതൊക്കെ മറച്ചുവയ്ക്കാന്‍ അക്രമം അഴിച്ചുവിടുകയാണ്. പാക്കിസ്ഥാനിലെ ശത്രുക്കളെ കുറിച്ച് പറയുകയും ഇന്ത്യക്കാരെ ആക്രമിക്കുകയും ചെയ്യുന്നു. അപ്പോള്‍ ആരാണ് യഥാര്‍ത്ഥ ശത്രുക്കളെന്നും അദ്ദേഹം ചോദിക്കുന്നു. ഇത്തരം സംഭവങ്ങളിലൂടെ ബോളിവുഡില്‍ വരെ ചേരിതിരിവ് ഉണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കും കഴിഞ്ഞെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായി ആരോപിച്ചു.
അമിതാഭ് ബച്ചന്‍, ഷാറൂഖ് ഖാന്‍, അമീര്‍ഖാന്‍, അക്ഷയ്കുമാര്‍ തുടങ്ങിയ പ്രധാന താരങ്ങള്‍ ഇപ്പോഴും മൗനംപാലിക്കുന്നതിനെതിരെ ബോളിവുഡില്‍ നിന്ന് അടക്കം പ്രതിഷേധം ഉയരുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ ഇക്കാര്യം ചര്‍ച്ചയാവുകയും ചെയ്യും. ഇന്നവര്‍ വിദ്യാര്‍ത്ഥികളെയും സര്‍വ്വകലാശാലകളെയും ആണ് ആക്രമിച്ചതെങ്കില്‍ നാളെ നിങ്ങളെയും നിങ്ങളുടെ താരസാമ്രാജ്യത്തെയും ലക്ഷ്യംവെയ്ക്കും തുടങ്ങിയ പ്രതികരണങ്ങളാണ് ട്വിറ്ററിലടക്കം ഉണ്ടായത്. ജെ.എന്‍.യു ആക്രമണത്തില്‍ പ്രതിഷേധിച്ച് അനുരാഗ് കശ്യപ്, തപ്‌സി പാനു, റിതേഷ് ദേശ്മുഖ് തുടങ്ങി 20തോളം താരങ്ങളും ചലചിത്രപ്രവര്‍ത്തകരും മുംബയില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. അതും ബി.ജെ.പിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി.
ദീപികാ പാദുക്കോണ്‍ നിര്‍മിക്കുന്ന ഛപാക് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് അവര്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ കണ്ടതെന്നും ചിത്രം ബഹിഷ്‌ക്കരിക്കണമെന്നും ഉള്ള ദുര്‍ബലമായ പ്രതിരോധമാണ് ബി.ജെ.പിയും എ.ബി.വി.പിയും നടത്തുന്നത്. അതേസമയം ബോളിവുഡ് താരങ്ങളുടെ അധോലോക ബന്ധം ചര്‍ച്ചയാക്കി, താരങ്ങളെ നിലയ്ക്ക് നിര്‍ത്താനുള്ള ശ്രമം തുടങ്ങിയതായി സൂചനയുണ്ട്. ചൊവ്വാഴ്ച രാത്രി റിപ്പബഌക് ടി.വിയില്‍ നടന്ന ചര്‍ച്ചയില്‍ അര്‍ണബ് ഗോസ്വാമി ഇത് സംബന്ധിച്ച ചില സൂചനകള്‍ നല്‍കിയിരുന്നു. മുമ്പ് സഞ്ജയ് ദത്തിനെ തോക്കുമായി പിടികൂടി, ടാട നിയമപ്രകാരം അകത്താക്കിയപ്പോഴേ ബോളിവുഡിലെ അധോലോക ബന്ധത്തിന്റെ അണിയറക്കഥകള്‍ പുറത്ത് വന്നിരുന്നു. താമസിക്കാതെ പല ബോളിവുഡ് താരങ്ങളെയും പ്രതിരോധത്തിലാക്കുമെന്നണ് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തുന്നത് കൊണ്ട് തന്നെ ബോളിവുഡ് സിനിമകളില്‍ നിന്ന് പലരും ഒഴിവാക്കുകയാണെന്ന് നടന്‍ പ്രകാശ് രാജ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha