ജെ.എന്‍.യുവില്‍ മുഖംമൂടി ആക്രമണത്തിന് ഇരയായ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ചൊവ്വാഴ്ച വൈകുന്നേരം ബോളിവുഡ് നടി ദീപികാ പദുക്കോണ്‍ പൊടുന്നനെ എത്തുകയായിരുന്നില്ല, ഒന്നര വര്‍ഷത്തിലേറെയായി മനസ്സില്‍ കൊണ്ടുനടന്ന പ്രതികാരം മധുരമായി വീട്ടുകയായിരുന്നു

ജെ.എന്‍.യുവില്‍ മുഖംമൂടി ആക്രമണത്തിന് ഇരയായ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ചൊവ്വാഴ്ച വൈകുന്നേരം ബോളിവുഡ് നടി ദീപികാ പദുക്കോണ്‍ പൊടുന്നനെ എത്തുകയായിരുന്നില്ല, ഒന്നര വര്‍ഷത്തിലേറെയായി മനസ്സില്‍ കൊണ്ടുനടന്ന പ്രതികാരം മധുരമായി വീട്ടുകയായിരുന്നു. 2018ല്‍ പദ്മാവത് സിനിമയുടെ ചിത്രീകരണം മുതല്‍ താരം അനുഭവിച്ച വേദനയും പ്രയാസങ്ങളും വല്ലാതെ അലട്ടിയിരുന്നു. അതിലും സങ്കടകരമായ അവസ്ഥയിലൂടെ വിദ്യാര്‍ത്ഥി സമൂഹം പോകുമ്പോള്‍ എങ്ങനെ കയ്യുംകെട്ടി നോക്കിയിരിക്കാനാകും. പുതിയ സിനിമയായ ഛപാകിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ദീപിക രാജ്യതലസ്ഥാനത്ത് എത്തിയത്. വേണമെങ്കില്‍ അത് കഴിഞ്ഞ് മടങ്ങാമായിരുന്നു. എന്നാല്‍ അത് തന്നോട് തന്നെ കാണിക്കുന്ന നീതികേടാണെന്ന് താരത്തിന് തോന്നി. അതുകൊണ്ടാണ് ജെ.എന്‍.യുവിലെ സമരക്കാരെ നേരില്‍ കണ്ട് തൊഴുതത്. വാചാലമായില്ലെങ്കിലും തന്റെ മൗനത്തിലൂടെ സംഘപരിവാര്‍ ശക്തികള്‍ക്ക് വലിയൊരു മറുപടിയാണ് ദീപിക നല്‍കിയത്.
പുതിയ തലമുറയെ ഓര്‍ത്ത് അഭിമാനിക്കുന്നെന്ന് പിന്നീട് ഇന്ത്യാ ടുഡേ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദീപികാ പാദുക്കോണ്‍ വ്യക്തമാക്കി. ഭയമില്ലാതെ നമ്മുടെ വ്യക്തിത്വം പ്രകടിപ്പിക്കാനാകണം. ഇപ്പോള്‍ ജനങ്ങള്‍ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നുണ്ട്. ന്യായമായ ആവശ്യങ്ങള്‍ക്കായി തെരുവിലിറങ്ങി പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുന്നു. ജീവിതത്തിലും സമൂഹത്തിലും ഇത്തരം മാറ്റങ്ങള്‍ അനിവാര്യമാണ്. പദ്മാവത് സമയത്ത് എനിക്ക് ഭയമായിരുന്നു, സങ്കടമായിരുന്നു. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ അസ്ഥിത്വം ഇതൊന്നുമല്ല. ജെ.എന്‍.യുവിലെ സംഭവങ്ങള്‍ എന്നെ ക്ഷുഭിതയാക്കുന്നു. അക്രമികള്‍ക്കെതിരെ 48 മണിക്കൂറിന് ശേഷവും നടപടിയെടുത്തില്ല എന്നത് അതീവ ഗുരുതരമായ സാഹചര്യമാണെന്നും ദീപിക വ്യക്തമാക്കി.
സംഘപരിവാര്‍ അനുകൂല സിനിമയായിട്ടും രജപുത് വിഭാഗത്തെ സഹായിക്കാനാണ് അവര്‍ സിനിമയുടെ ചിത്രികരണം തടസ്സപ്പെടുത്തി സംഘര്‍ഷത്തിന് തുടക്കംകുറിച്ചത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന് മുന്നില്‍ പദ്മാവത് എത്തിയതോടെയാണ് കഥ മാറി. സിനിമയുടെ പേര് മാറ്റണമെന്നായിരുന്നു ആദ്യ ആവശ്യം. ആരുടേയും വികാരം വൃണപ്പെടുത്തില്ലെന്ന് സിനിമ തുടങ്ങും മുമ്പ് എഴുതിക്കാണിക്കണം. തുടങ്ങിയവയായിരുന്നു മറ്റ് നിര്‍ദ്ദേശങ്ങള്‍. മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് മുഖ്യമന്ത്രിമാര്‍ സിനിമയ്ക്ക് പ്രദര്‍ശനനാനുമതി നിഷേധിച്ചു. കര്‍ണിസേന എന്ന രജ്പുത് സമുദായക്കാരുടെ സംഘടന സിനിമയിലെ നായിക ദീപിക പദുക്കോണിന്റെ തല വെട്ടിയെടുക്കാനും മൂക്ക് ചെത്താനും ഉത്തരവിട്ടു. അതോടെ ദീപിക ആകെ പ്രതിരോധത്തിലായിരുന്നു.
അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷമായ ബെഞ്ച് പദ്മാവത് റിലീസ് ചെയ്യാനുള്ള അനുമതി നല്‍കിയതോടെ ബി.ജെ.പി ഭരിച്ചിരുന്ന നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കര്‍ണിസേനയും മുട്ടുമടക്കി. സര്‍ഗാത്മക അവകാശങ്ങളെ ഇല്ലാതാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരല്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. ചിത്രം തിയേറ്ററുകളിലെത്തുമ്പോള്‍ ക്രമസമാധാനം ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതെല്ലാം മാസങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് സാധ്യമായത്. ആ സമയത്തെല്ലാം ദീപികയുടെ ജീവന് പോലും ഭീഷണിയുണ്ടായിരുന്നു. ആ വേദന മറക്കാനാവാത്തത് കൊണ്ടാണ് ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളെ തേടി താരം ഓടിയെത്തിയത്.
https://www.facebook.com/Malayalivartha