മതംമാറിയ ദളിത് ക്രിസ്ത്യാനികള്‍ക്ക് സംവരണം: കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

ദളിത് വിഭാഗത്തില്‍പ്പെട്ട ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും, ബുദ്ധമതസ്ഥര്‍ക്കും ലഭിക്കുന്ന സംവരണം ദളിത് ക്രിസ്ത്യാനികള്‍ക്കും നല്‍കണം എന്നാവശ്യപ്പെട്ട് നാഷണല്‍ കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍സ് ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. മതംമാറിയ ദളിത് ക്രിസ്ത്യാനികള്‍ക്ക് സംവരണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചു. ചീഫ്ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് നോട്ടീസയച്ചത്. മതം മാറിയാലും സാമൂഹികമായ പിന്നാക്ക അവസ്ഥയില്‍ മാറ്റം വരുന്നില്ല എന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്ബാകെ ചൂണ്ടിക്കാട്ടി. ക്രിസ്തു മതത്തിലും ജാതി വിവേചനം നിലനില്‍ക്കുന്നുണ്ട്. മതത്തിലെ ഉന്നത വിഭാഗക്കാര്‍ തങ്ങളുടെ ചടങ്ങുകളിലും മറ്റും പങ്കെടുക്കാറില്ല എന്നും ദളിത് ക്രിസ്ത്യാനികളുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. സംവരണം നല്‍കുന്നത് മതാടിസ്ഥാനത്തില്‍ ആകരുത് എന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ക്രിസ്ത്യാനികള്‍ക്ക് ഇടയിലുള്ള പിന്നാക്കാവസ്ഥ മുസ്ലിങ്ങള്‍ക്കിടയിലും ഉണ്ടാകാം എന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ഹര്‍ജികേള്‍ക്കുന്നതിന് അടിയന്തിരമായി ബെഞ്ച് രൂപീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
https://www.facebook.com/Malayalivartha