പ്രതിഷേധങ്ങള്‍ക്കു പുല്ലു വില,...പൗരത്വ ഭേദഗതി നിയമവുമായി കേന്ദ്രസര്‍ക്കാരും അമിത് ഷായും മുന്നോട്ട്.. പൗരത്വ നിയമം നടപ്പാക്കാന്‍ കേന്ദ്രം വിജ്ഞാപനമിറക്കി

പ്രതിഷേധങ്ങള്‍ക്കു പുല്ലു വില, പൗരത്വ ഭേദഗതി നിയമവുമായി കേന്ദ്രസര്‍ക്കാരും അമിത് ഷായും മുന്നോട്ട്. പൗരത്വ നിയമം നടപ്പാക്കാന്‍ കേന്ദ്രം വിജ്ഞാപനമിറക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം വെള്ളിയാഴ്ച രാത്രിയാണു പുറത്തിറങ്ങിയത്. ഇതോടെ വെള്ളിയാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍വന്നു. ചട്ടം നിലവില്‍ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. സുപ്രീം കോടതിയിലെ ഹര്‍ജികള്‍ തീര്‍പ്പാകുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന നിയമോപദേശം ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചിരുന്നു. ചട്ടം രൂപീകരിക്കുന്നതിന് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തേണ്ടതില്ലെന്ന് നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.ഇനി കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ എന്ത് ചെയ്യും എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്. നിയമം നടപ്പാക്കുന്നതിനെതിരെ നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. നിയമത്തിന്റെ ചട്ടങ്ങള്‍ക്ക് രൂപം കൊടുക്കുന്നതിന് മുന്നോടിയായി സംസ്ഥാനങ്ങളുമായി കൂടിയാലോചനകള്‍ നടത്തില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നതാണ്.
2014ന് മുന്‍പ് ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ് രാജ്യങ്ങളില്‍നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്കു പൗരത്വം നല്‍കുന്നതിനാണ് സിഎഎ നിയമം പാസാക്കിയത്. ഡിസംബര്‍ 11നാണ് ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് ഒരിഞ്ചു പോലും പിന്നോട്ടു പോകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ആവുന്നത്ര കള്ളം പ്രചരിപ്പിച്ചോളൂ, ജനങ്ങളുടെ അടുത്ത് സത്യം ഞങ്ങള്‍ എത്തിക്കും. നിയമത്തില്‍ നിന്ന് പിന്നോട്ട് പോകുമെന്ന് ആരും കരുതേണ്ട. നിയമത്തില്‍ രാഹുല്‍ ഗാന്ധിയുമായി പരസ്യസംവാദത്തിന് തയാറാണ്. രാഹുല്‍ ഈ നിയമം വായിച്ചിട്ടുണ്ടോ എന്നറയില്ല. ഇനി വായിച്ചിട്ടില്ലെങ്കില്‍ രാഹുല്‍ ആവശ്യപ്പെട്ടാല്‍ സിഎഎ നിയമം ഇറ്റാലിയന്‍ ഭാഷയില്‍ തര്‍ജമ ചെയ്തും നല്‍കാം. പീഡനം അനുഭവിക്കുന്നവര്‍ക്ക് ആശ്രയം നല്‍കാനുള്ളതാണ് സിഎഎ. അതെ അമിത് ഷായുടെ വെല്ലുവിളി വെറുതെയല്ല.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി തെറ്റിദ്ധാരണ പരത്തുകയാണ് കോണ്‍ഗ്രസും മമത ബാനര്‍ജിയുമെന്നാണ് ബി ജെ പി പറയുന്നത്. എല്ലാ പാര്‍ട്ടികളും ഒന്നിച്ചു എതിര്‍ത്താലും പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് ബിജെപി പിന്നോട്ടു പോകില്ല എന്ന് പറഞ്ഞത് വെറുതെയല്ല. പൗരത്വ പ്രശ്‌നത്തില്‍ സമാനമായ നിലപാട് സ്വീകരിച്ച ഗാന്ധിജിയും നെഹ്‌റുവും വര്‍ഗീയവാദികള്‍ ആയിരുന്നോ എന്നു കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍, വാക്കുകളുടെ മൂര്‍ച്ച മാത്രമല്ല പ്രവര്‍ത്തിയുടെ കരുത്തും കാട്ടുന്നതാണ് കേന്ദ്രത്തിന്റെ ഈ നീക്കം.
https://www.facebook.com/Malayalivartha