വിദ്വേഷ പ്രസംഗം; യോഗി ആദിത്യനാഥിനെ ദല്‍ഹിയിലെ പ്രചരണത്തില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ആം ആദ്മിയുടെ കത്ത് ; പരാതി ഷാഹീന്‍ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ കശ്മീരിലെ ഭീകരരെ പിന്തുണക്കുന്നവരാണെന്ന പ്രസ്താവനയ്‌ക്കെതിരെ

വിദ്വേഷ പ്രസംഗം നടത്തുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ദല്‍ഹിയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ഷാഹീന്‍ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ കശ്മീരിലെ ഭീകരരെ പിന്തുണക്കുന്നവരാണെന്ന യോഗിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് നടപടി.
ദല്‍ഹിക്ക് ശുദ്ധമായ കുടിവെള്ളം നല്‍കാന്‍ കഴിയാത്ത അരവിന്ദ് കെജ്‌രിവാള്‍ ഷാഹീന്‍ബാഗിലെ സമരക്കാര്‍ക്ക് ബിരിയാണി വിതരണം ചെയ്യുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.ദല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ഷാഹീന്‍ബാഗ് സമരത്തെ കേന്ദ്രീകരിച്ചുള്ള വിദ്വേഷ പ്രചാരണം യോഗി ആദിത്യനാഥിനെ ഇറക്കി ഊര്‍ജ്ജിതമാക്കുകയാണ് ബി.ജെ.പി. ശനിയാഴ്ച പങ്കെടുത്ത എല്ലാ പ്രചാരണ റാലികളിലും യോഗി ആദിത്യനാഥ് ഷാഹീന്‍ബാഗ് വിഷയം ഉയര്‍ത്തിയിരുന്നു.
ഷാഹീന്‍ബാഗില്‍ സമരം നടത്തുന്നവര്‍ പാകിസ്താന്റെ ഭാഷയില്‍ സംസാരിക്കുന്ന ഇന്ത്യയുടെ ശത്രുക്കളാണെന്നായിരുന്നു ഒരു റാലിയില്‍ യോഗിയുടെ പ്രതികരണം.
നേരത്തെ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അനുരാഗ് ഠാക്കൂറിനേയും പാര്‍ട്ടി എം.എല്‍.എ പര്‍വേശ് ശര്‍മ്മയേയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ താരപ്രചാരകരുടെ ലിസ്റ്റില്‍ നിന്ന് മാറ്റിയിരുന്നു.
https://www.facebook.com/Malayalivartha