പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരുവല്ലയിലെ സന്ദര്‍ശനത്തോടനുബന്ധിച്ച് വ്യോമസുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് കലക്ടര്‍ നിരോധിച്ചു. വ്യോമസേനയ്ക്കും എസ്പിജിക്കും സംസ്ഥാന പൊലീസിനും പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി നിയോഗിക്കപ്പെട്ടിട്ടുള്ള മറ്റ് ഏജന്‍സികള്‍ക്കും നിരോധനം ബാധകമല്ല.ചങ്ങനാശേരി പെരുന്ന എന്‍എസ്എസ് ഹിന്ദു കോളജ്, കോണ്ടൂര്‍ ബാക്ക് വാട്ടേഴ്‌സ് ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്‌സ് എന്നിവയുടെ വ്യോമപരിധിയിലും ജില്ലയിലെ ഹെലിപ്പാഡുകളിലും ഏപ്രില്‍ നാലിന് പുലര്‍ച്ചെ 12 മുതല്‍ 24 മണിക്കൂര്‍വരെയാണ് നിയന്ത്രണം. മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകളും യുഎവികളും മറ്റ് ഉപകരണങ്ങളും പറത്തുന്നതിനും നിരോധനമുണ്ട്.
ഹെലികോപ്റ്ററുകളോ നിരോധന പരിധിയില്‍ വരുന്ന മറ്റ് ഉപകരണങ്ങളോ അടിയന്തര സാഹചര്യത്തില്‍ പറത്തേണ്ടതുണ്ടെങ്കില്‍ ജില്ലാ കലക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടു നാളെ ഉച്ചയ്ക്കു 12 മുതല്‍ വൈകിട്ട് 6 വരെ എംസി റോഡില്‍ ചങ്ങനാശേരിക്കും തിരുവല്ലയ്ക്കും ഇടയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവല്ലയിലെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി പെരുന്ന എന്‍എസ്എസ് കോളജ് ഗ്രൗണ്ടിലാണു ഉച്ചയ്ക്ക് 3ന് ഹെലികോപ്റ്ററില്‍ ഇറങ്ങുന്നത്. എംസി റോഡിലൂടെ കാര്‍ മാര്‍ഗം തിരുവല്ലയ്ക്കു പോകും. 680 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിക്കുന്നത്. എറണാകുളം റേഞ്ച് ഡിഐജി അരുള്‍ ആര്‍.ബി കൃഷ്ണ, കോട്ടയം ജില്ലാ പൊലീസ് മേധാവി എ.ഷാഹുല്‍ ഹമീദ്, ചങ്ങനാശേരി ഡിവൈഎസ്പി എസ്.ആഷാദ് എന്നിവര്‍ക്കാണ് ചുമതല.
https://www.facebook.com/Malayalivartha


























