ഡല്‍ഹി കൂട്ടമാനഭംഗക്കേസ്: വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്

ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതികളുടെ അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്. ഇന്ത്യയുടെ മകള്‍ എന്ന ഡോക്യുമെന്ററിയില്‍ സ്ത്രീകള്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നോട്ടീസ്. ഇന്നലെ വൈകുന്നേരമാണ് കൗണ്‍സില്‍ യോഗം കൂടിയത്. പ്രതികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകരായ എം.എല്‍.ശര്‍മ, എ.കെ. സിങ് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണം.
2012 ഡിസംബര്‍ 16ന് മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ നാല് പേര്‍ക്കു വേണ്ടിയാണ് ശര്‍മയും സിങ്ങും ഹാജരായത്. നമുക്കുള്ളത് മികച്ച സംസ്‌കാരമാണ്, ഇന്ത്യന്‍ സംസ്‌കാരത്തില്‍ സ്ത്രീകള്‍ക്ക് ഒരു സ്ഥാനവുമില്ലെന്ന് അഭിമുഖത്തിലൊരിടത്ത് ശര്‍മ പറയുന്നുണ്ട്. സിങ്ങും ഇതുപോലുള്ള വിദ്വേഷജനകമായ പരാമര്‍ശം നടത്തുന്നുണ്ട്.
ഇരുവര്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. കൂടാതെ, ഇവരുടെ ലൈസന്‍സ് തിരിച്ചുവാങ്ങണമെന്ന് മറ്റ് അഭിഭാഷകര്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ തന്റെ വാക്കുകള്‍ തെറ്റിദ്ധരിച്ചതാണ്. പത്ത് ദിവസമായാണ് തന്റെ അഭിമുഖം സംവിധായിക ലെസ്‌ലി ഉഡവിന്‍ എടുത്തതെന്നും ഒരു വരിയേ കാണിച്ചുള്ളുവെന്നും ശര്‍മ അറിയിച്ചു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നോട്ടീസിനു മറുപടി നല്‍കുമെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























