ബീഫ് പ്രേമികള്‍ ആശങ്കയില്‍, രാജ്യമൊട്ടാകെ ബീഫ് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

ബീഫ് പ്രേമികളുടെ ശ്രദ്ധയ്ക്ക്. ബീഫ് ഇനി വെറുമൊരു സ്വപ്‌നം മാത്രമായി മാറാന്‍ പോവുകയാണ്. ഇന്ത്യയില്‍ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ശ്രമിക്കുകയാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇപ്പോള്‍. അതിന്റെ ഭാഗമായാണ് ബീഫ് നിരോധിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലായിടത്തും ഗോവധം നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് നിയമ മന്ത്രാലയത്തിന്റെ അഭിപ്രായം തേടിയതായും അറിയുന്നു. നിലവില്‍ മഹാരാഷ്ട്ര, ഗുജറാത്ത്, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ മാത്രമായിരുന്നു ബീഫിന് നിരോധനമുണ്ടായിരുന്നത്. ഈ സംസ്ഥാനങ്ങളിലെ നിയമം മറ്റ് സംസ്ഥാനങ്ങളുടെ പരിഗണനയ്ക്കയയ്ക്കും.
ഗോവധ നിരോധനത്തിന് ബില്‍ കൊണ്ടുവരുന്നതിനും നിയമ മന്ത്രാലയത്തിന്റെ അഭിപ്രായം കേന്ദ്ര സര്‍ക്കാരിന് അറിയേണ്ടതായുണ്ട്. ഭരണഘടനയിലെ 48-ാം വകുപ്പില്‍ പശുക്കള്‍ ഉള്‍പ്പെടെയുള്ള കന്നുകാലികളെ കൊല്ലുന്നതു നിരോധിക്കാനാവുന്നതാണ്. ഇതനുസരിച്ച് ഭരണഘടനാപരമായി നിയമ നിര്‍മാണത്തിനു സാധുതയുണ്ടോയെന്നാണ് പരിശോധിക്കുന്നത്. നിരോധനം സംബന്ധിച്ച നിയമം ഒരു മാതൃകാ ബില്ലാക്കി സംസ്ഥാനങ്ങള്‍ക്ക് അയയ്ക്കുന്നതാണ് പരിഗണിക്കുന്നത്.
എന്നാല്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരുകളാണ് കൈകൊള്ളേണ്ടത്. ഏറ്റവും ഒടുവിലായി മഹാരാഷ്ട്രയിലാണ് ഗോവധ നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍, ഇതിനെതിരെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ നീക്കം ഉല്‍ക്കണ്ഠപ്പെടുത്തുന്നതാണെന്ന് സിപിഎം നേതാവ് എം.എ.ബേബി പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യം അംഗീകരിക്കാത്ത ഒരുകൂട്ടം ആളുകളുടെ താല്‍പര്യങ്ങളാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോവധ നിരോധനത്തിന് മതവുമായി ബന്ധമില്ലെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























