സൗരോര്‍ജ വിമാനമായ സോളാര്‍ ഇംപള്‍സ് 2 ഇന്ന് ഇന്ത്യയില്‍

ലോകം ചുറ്റാനിറങ്ങിയ സൗരോര്‍ജ വിമാനം സോളാര്‍ ഇംപള്‍സ് 2 ഇന്നു ഗുജറാത്തിലെ അഹമ്മദാബാദില്‍ ലാന്‍ഡ് ചെയ്യും. പാരമ്പര്യേതര ഊര്‍ജമായ സൗരോര്‍ജമുപയോഗിച്ചു പറക്കുന്ന സോളാര്‍ ഇംപള്‍സ്-2 ഇന്നലെയാണ് യുഎഇയിലെ അബുദാബിയില്‍ നിന്നു ലോകം ചുറ്റാന്‍ പുറപ്പെട്ടത്.
ഒമാനിലെ മസ്‌കറ്റില്‍ ലാന്‍ഡ് ചെയ്തശേഷം അവിടെനിന്നാണ് ഇന്ത്യയിലേക്കു യാത്ര തുടങ്ങിയത്. സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാരിന്റെ സഹകരണത്തോടെ ബായര്‍, സോള്‍വേ, എബിബി, ഷിന്‍ഡ്‌ലര്‍, ഒമേഗ, മസ്ദാര്‍ എന്നീ കമ്പനികള്‍ സംയുക്തമായാണു വിമാനം നിര്‍മിച്ചിരിക്കുന്നത്. വ്യോമയാന വിദഗ്ധരായ ആന്ദ്രേ ബോര്‍ഷ്ബര്‍ഗ്, ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡ് എന്നിവരാണു പൈലറ്റ് സീറ്റില്‍.
മാര്‍ച്ച് ഒന്നിനു പറക്കല്‍ നിശ്ചയിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥമൂലം യാത്ര വൈകി. അഞ്ചു മാസംകൊണ്ട് ഏകദേശം 35,000 കിലോമീറ്റര്‍ പിന്നിടുകയാണു ലക്ഷ്യം. 2,300 കിലോഗ്രാം ഭാരമുള്ള വിമാനത്തിന്റെ പരമാവധി വേഗം 100 കിലോമീറ്ററാണ്. 17,248 സോളാര്‍ പാനലുകളുണ്ട്. 2009ല്‍ പറന്ന ആദ്യ സൗരോര്‍ജ വിമാനത്തിന്റെ റിക്കാര്‍ഡ് തകര്‍ക്കുകയാണ് 12 വര്‍ഷമെടുത്തു നിര്‍മിച്ച ഇംപള്‍സ് 2ന്റെ ലക്ഷ്യം.
120 മണിക്കൂര്‍ നിര്‍ത്താതെ പറക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. അബുദാബിയില്‍നിന്നു പുറപ്പെട്ട വിമാനം ആദ്യമായി കടലിനു മീതേ പറന്നാണ് അഹമ്മദാബാദിലെത്തുന്നത്. നാലു ദിവസത്തിനു ശേഷം അഹമ്മദാബാദില്‍നിന്നു വാരാണസിയിലേക്കും പിന്നീടു മ്യാന്‍മാറിലേക്കും പറക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























