ആലത്തിന്റെ മോചനം: കേസുകള്‍ ചുമത്തേണ്ടെന്നു തീരുമാനിച്ചത് പുതിയ സര്‍ക്കാര്‍ അധികാരം ഏറ്റെടുക്കുന്നതിനു മുമ്പെന്ന് റിപ്പോര്‍ട്ടുകള്‍

ജമ്മു കശ്മീരിലെ വിഘടനവാദി നേതാവായ മസറത്ത് ആലത്തിനെതിരെ പുതിയ കേസുകള്‍ ചുമത്തേണ്ടെന്നു തീരുമാനിച്ചത് പുതിയ സര്‍ക്കാര്‍ അധികാരം എറ്റെടുക്കുന്നതിനു മുമ്പെന്ന് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നെങ്കിലും ഭരണസഖ്യം രൂപീകരിക്കാനെടുത്ത 49 ദിവസം ഗവര്‍ണര്‍ ഭരണത്തിലായിരുന്നു സംസ്ഥാനം. ഈ ദിവസങ്ങളിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പൊതു സുരക്ഷാ നിയമ പ്രകാരം 2014 സെപ്റ്റംബറിലാണ് ആലത്തെ കസ്റ്റഡിയില്‍ എടുത്തതെന്നും അത് റദ്ദായതായും സംസ്ഥാന ആഭ്യന്തര സെക്രട്ടറി സുരേഷ് കുമാര്‍ ജമ്മു ജില്ലാ മജിസ്‌ട്രേറ്റിന് ഫെബ്രുവരിയില്‍ കത്തെഴുതിയിരുന്നു.
നിയമപ്രകാരം കസ്റ്റഡിയിലെടുത്ത ഉത്തരവ് 12 ദിവസത്തിനുള്ളില്‍ ആഭ്യന്തരമന്ത്രാലയം അംഗീകരിക്കണം. അതുമല്ലെങ്കില്‍ ഉപദേശകസമിതി ഒരു മാസത്തിനുള്ളില്‍ ഇത് അംഗീകരിക്കണം. ആലത്തിന്റെ കേസില്‍ ഇതു രണ്ടും നടന്നില്ല. ആലത്തെ കസ്റ്റഡിയില്‍ വയ്ക്കാന്‍ പുതിയതായി കേസുകളുണ്ടോയെന്ന് ആഭ്യന്തരമന്ത്രാലയം ജില്ലാ മജിസ്‌ട്രേറ്റിനോടു ചോദിച്ചിരുന്നു. ഇല്ലെന്നായിരുന്നു മറുപടി. തുടര്‍ന്നാണ് നിലവിലുണ്ടായിരുന്ന കേസുകള്‍ പൂര്‍ത്തിയാക്കിയത്. ഈ നിയമത്തിന്‍കീഴില്‍ വിചാരണ നടത്താതെ രണ്ടു വര്‍ഷം തടവില്‍ പാര്‍പ്പിക്കാം.
ആലത്തിന്റെ മോചനം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചില്ലെന്നും വിശദമായി റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിയുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ പറഞ്ഞു. ജമ്മു കശ്മീര്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ തൃപ്തരല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും ലോക്‌സഭയെ അറിയിച്ചു. ഭരണസഖ്യമായ ബിജെപിയോടു സംസാരിക്കാതെയാണ് പിഡിപി നേതാവും കശ്മീര്‍ മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സയീദ് ആലത്തെ വിട്ടയയ്ക്കാന്‍ തീരുമാനമെടുത്തത്.
ഹുറിയത് കോണ്‍ഫറന്‍സ് സഖ്യത്തിലെ പങ്കാളിയും മുസ്‌ലിം ലീഗിന്റെ ചെയര്‍മാനുമായ മസറത് ആലമിനെ കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ ജയിലില്‍നിന്നു വിട്ടത്. വിഘടനവാദി നേതാവ് സയ്യിദ് ഗീലാനി നേതൃത്വം കൊടുക്കുന്ന ഹുറിയത് കോണ്‍ഫറന്‍സ് സഖ്യത്തിലെ മുസ്‌ലിം ലീഗിന്റെ നേതാവും തീവ്രനിലപാടുകാരനുമാണ് മസറത് ആലം ഭട്ട് (44). രാജ്യത്തിനെതിരെ 2008ലും 2010ലും കല്ലേറുസമരം ആസൂത്രണം ചെയ്തു. 115 പേരുടെ മരണത്തിന് ഇടയാക്കിയ സമരത്തിനു പിന്നാലെ ഒളിവില്‍ പോയി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























