കൊവിഡ് 19; ട്രെയിനുകൾ ഇനി ഐസൊലേഷൻ വാർഡുകളായി മാറും...ഒഴിഞ്ഞ കോച്ചുകളും കാബിനുകളും ആണ് വാർഡുകളാകുന്നത്...കൺസൾട്ടേഷൻ റൂമുകൾ, മെഡിക്കൽ സ്റ്റോർ, ഐസിയു, പാൻട്രി എന്നിവയും ട്രെയിനുള്ളിൽ സജ്ജം

ലോകമാകെ ഭീഷണി വിതറുന്ന കൊവിഡ് 19 നു എതിരെ പോരാടാനൊരുങ്ങി ഇന്ത്യൻ റെയിൽവേയും. രാജ്യത്ത് കോവിഡ് -19 രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കി മാറ്റാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചു. ഐസൊലേഷൻ വാർഡുകളാക്കാൻ ട്രെയിൻ ബോഗികൾ വിട്ടുനൽകാമെന്നാണ് ദക്ഷിണ പൂർവ റെയിൽവെ (എസ്.ഇ.ആർ) അധികൃതർ അറിയിച്ചു. സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ കോച്ചുകൾ എത്തിക്കുമെന്ന് എസ്.ഇ.ആർ വക്താവ് സഞ്ജയ് ഘോഷ് അറിയിച്ചു.
ബുധനാഴ്ച റെയിൽവെ മന്ത്രി പീയുഷ് ഗോയൽ റെയിൽവെ ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോൺഫറൻസിംഗിലാണ് ഒഴിഞ്ഞ കോച്ചുകളും കാബിനുകളും ഐസൊലേഷൻ വാർഡുകളാക്കി മാറ്റാൻ തീരുമാനമായത്.രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഏപ്രിൽ 14 വരെ ട്രെയിൻ സര്‍വീസുകൾ റദ്ദാക്കിയിരിക്കുകയാണ്. ദിവസം 13,523 ട്രെയിനുകളായിരുന്നു സർവീസ് നടത്തിയിരുന്നത്.
ഞായറാഴ്ച മുതൽ ട്രെയിൻ സർവിസുകൾ നിലച്ചിരുന്നു. അതുകൊണ്ടുതന്നെ വെറുതെ കിടക്കുന്ന പാസഞ്ചർ കോച്ചുകളാണ് ഐസൊലേഷൻ വാർഡുകളാക്കി മാറ്റുന്നത്. ഇതിനുപുറമെ എല്ലാ റെയിൽവെ ആശുപത്രികളിലും കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഐസൊലേഷൻ വാർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും സഞ്ജയ് ഘോഷ് കൂട്ടിച്ചേർത്തു.
കൺസൾട്ടേഷൻ റൂമുകൾ, മെഡിക്കൽ സ്റ്റോർ, ഐസിയു, പാൻട്രി എന്നിവ ഉൾക്കൊള്ളുന്ന താൽക്കാലിക ആശുപത്രിയായിരിക്കും ഇതെന്ന് റെയിൽവെ ബോർഡ് ചെയർമാൻ വി. കെ യാദവ് അറിയിച്ചു. നോൺ എസി കോച്ചുകളാണ് ഐസൊലേഷൻ വാർഡുകളാക്കുന്നത്. ആറ് ബെർത്തുകൾ വീതമുള്ള പത്ത് കാബിനുകളാണ് ലഭ്യമായിട്ടുള്ളത്. ഓരോ കാബിനുകളിലും നാല് ടോയ് ലെറ്റുകൾ ഉണ്ടാകും. ഇതിൽ മൂന്നെണ്ണം ഇന്ത്യനും ഒരെണ്ണം പാശ്ചാത്യ രീതിയിലുള്ളതുമായിരിക്കും. ടോയ് ലെറ്റുകൾ, ബാത്ത്റൂമുകൾ എന്നീ സംവിധാനങ്ങളും അധികമായി ഒരുക്കും. ഡോക്ടർമാരുടെയും നഴ്സ്മാരുടെയും കാബിനുകളും ട്രെയിനിനുള്ളിൽ സജ്ജമാക്കും.
https://www.facebook.com/Malayalivartha
























