ലോക്ക് ഡൗണ്‍ നീട്ടുമെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍... പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച മൂന്നാഴ്ച നീളുന്ന ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ

ലോക്ക് ഡൗണ്‍ നീട്ടുമെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ ആശ്ചര്യം തോന്നുന്നുവെന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച മൂന്നാഴ്ച നീളുന്ന ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടരി രാജീവ് ഗൗബയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക് ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ചുള്ള ഒരു ആലോചനയും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നില്ല. ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ ആശ്ചര്യം തോന്നുകയാണ്. ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളോട് പ്രതികരിച്ചു കൊണ്ട് രാജീവ് ഗൗബ പറഞ്ഞു.
ചൈനയിലേതിന് സമാനമായി കൂടുതല്‍ ദിവസത്തേക്ക് ഇന്ത്യയും ലോക്ക് ഡൗണ്‍ നീക്കിയേക്കും എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലും മറ്റു വലിയ പ്രചാരണം നടക്കുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്രസര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ തന്നെ രംഗത്തു വന്നിരിക്കുന്നത്. അതേസമയം ലോക്ക് ഡൗണിലും ചരക്കുഗതാഗതം മുടങ്ങരുതെന്നും വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസവും ഉറപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. അതിഥി തൊഴിലാളികളെ ഒരു തരത്തിലും സഞ്ചരിക്കാന്‍ അനുവദിക്കരുതെന്നും ഇതിനായി ജില്ല-സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.
തമിഴ്നാട്ടില്‍ സമൂഹവ്യാപനമെന്ന് സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. അവശ്യ സാധനങ്ങളുടെ വില്‍പന ഉച്ചക്ക് 2.30 വരെയാക്കി ചുരുക്കി. പെട്രോള്‍ പമ്പുകള്‍ രാവിലെ ആറ് മുതല്‍ ഉച്ചക്ക് 2.30 വരെയെ തുറക്കൂ. ചരക്ക് വാഹനങ്ങളെ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ മാത്രമേ ചെന്നൈയില്‍ പ്രവേശിപ്പിക്കൂ. ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ സമയക്രമവും വെട്ടിച്ചുരുക്കി. മാര്‍ച്ച് 15 ന് ശേഷം വിദേശത്ത് നിന്ന് എത്തിയവരേയും സമ്പര്‍ക്കം പുലര്‍ത്തിയവരേയും നിരീക്ഷണത്തിലാക്കും. ഇതുവരെ അമ്പത് പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
കോയമ്പത്തൂര്‍ റെയില്‍വേ ആശുപത്രിയിലെ ഡോക്റായ കോട്ടയം സ്വദേശിനിക്കും ഇവരുടെ പത്ത് മാസം പ്രായമായ കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം, രാജ്യത്ത് കൊവിഡ് മരണം 27 ആയി. രോഗബാധിതരുടെ എണ്ണം 1024 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഏറ്റവും അധികം കൊവിഡ് ബാധിതര്‍ ഉള്ളത് കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ദില്ലിയില്‍ 23 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 72 ആയി.
https://www.facebook.com/Malayalivartha


























