ഇന്ദിര ഗാന്ധിയുടെ വിശ്വസ്തൻ; തീരാവേദനയായി പ്രണബ് മുഖർജിയുടെ വേർപാട്, കാലം പറയും ആ മിടുക്കും ധീരതയും! പിന്നിൽ ഇതുവരെ ആരും അറിയാത്ത ഒരു കേരളതനിമ, ഇന്ദിരയുടെ മന്ത്രിസഭയിൽ രണ്ടാമൻ, പ്രണബിന്റെ മിടുക്കും രാഷ്ട്രീയതന്ത്രജ്ഞതയും ഇന്ദിരയുടെ കണ്ണിൽപ്പെടാൻ കാരണക്കാരനായത് ഒരു മലയാളി

പ്രണബ് മുഖർജിയുടെ വേർപാട് ജനങ്ങളിൽ വലിയ വേദന ആണ് നൽകിയിരിക്കുന്നത്. അദ്ദേഹത്തെ രാജ്യത്തിന് മറക്കാൻ സാധിക്കില്ല. അദ്ദേഹം ഇന്ദിര ഗാന്ധിയുടെ വിശ്വസ്തനായിരുന്നു .മാത്രമല്ല ഇതിന് പിന്നിൽ ഒരു മലയാളിയുടെ ബുദ്ധി ഉണ്ട്. കേരളവുമായി അദ്ദേഹത്തിന്റെ അടുപ്പം വലുതുമാണ്. പണ്ടൊരിക്കൽ ഇന്ദിര ഗാന്ധിയുമായി പ്രണബ് ഉടക്കിയിരുന്നു. ഇന്ദിരയുടെ മന്ത്രിസഭയിൽ രണ്ടാമനായിരുന്ന പ്രണബ് അവർ പറഞ്ഞതുകേൾക്കാതെ 1980-ൽ ലോക്സഭയിലേക്ക് മത്സരിച്ചു. ''അപ്പോൾ ഇന്ദിര ഗാന്ധി ചോദിച്ച ചോദ്യം ഇതായിരുന്നു.... നിങ്ങൾ തോൽക്കുമെന്ന് എല്ലാവർക്കുമറിയാം.
ഭാര്യയ്ക്കുപോലും അതിൽ തർക്കമുണ്ടാവില്ല. എന്നിട്ടും മത്സരിച്ച് എനിക്കു പ്രയാസമുണ്ടാക്കുന്നത് എന്തിനാണ് എന്നായിരുന്നു പ്രണബിനോട് ദേഷ്യത്തോടെ ഇന്ദിരയുടെ ചോദ്യം. രണ്ടു ദിവസത്തിനുശേഷം പ്രണബിന്റെ വീട്ടിലേക്ക് സഞ്ജയ് ഗാന്ധിയുടെ വിളിയെത്തി. ''അമ്മയ്ക്ക് നിങ്ങളോട് വലിയ ദേഷ്യമാണ്. എന്നിട്ടും അവർ ചോദിക്കുന്നു, നിങ്ങളില്ലാതെ എങ്ങനെ മന്ത്രിസഭയുണ്ടാക്കുമെന്ന്. അതുകൊണ്ട് നാളെത്തന്നെ വിമാനം കയറി ഡൽഹിയിലെത്തണം.'' തുടർന്നുള്ള മന്ത്രിസഭയിലും പ്രണബ് പങ്കാളിയായത് ഇന്ദിരയുടെ ഈ വിശ്വാസത്തിലായിരുന്നു
മാത്രമല്ല കേരളവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വലുതാണ്. 'തീറ്റ റപ്പായി'യെ ഇഷ്ടപ്പെട്ട പ്രണബ്; സിപിഎമ്മുമായി കൊമ്പുകോര്‍ക്കാത്ത നേതാവ് എന്ന സവിശേഷതയും അദ്ദേഹത്തിന് ഉണ്ട്.ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായാണ് പ്രണബ് മുഖർജി അധികാരകേന്ദ്രങ്ങളുടെ അണിയറശില്പിയായതെന്ന് ആർക്കുമറിയാത്ത കാര്യമല്ല. എന്നാൽ, പ്രണബിന്റെ മിടുക്കും രാഷ്ട്രീയതന്ത്രജ്ഞതയും ഇന്ദിരയുടെ കണ്ണിൽപ്പെടാൻ കാരണക്കാരനായത് ഒരു മലയാളിയാണ്. കേരളക്കരയും കടന്ന് ഇന്ത്യയുടെയും ലോകത്തിന്റെയും ശ്രദ്ധ കവർന്ന വി.കെ. കൃഷ്ണമേനോൻ.
1969-ൽ ബംഗാളിലെ മിഡ്നാപ്പുർ ലോക്സഭാ മണ്ഡലത്തിൽനിന്ന് കൃഷ്ണമേനോൻ വിജയിച്ചുകയറിയപ്പോൾ അതു പ്രണബിന്റെ രാഷ്ട്രീയജീവിതത്തിലേക്കുള്ള വഴിത്തിരിവായി. ബംഗ്ലാ കോൺഗ്രസ്സിന്റെ സ്ഥാനാർഥിയായിരുന്നു കൃഷ്ണമേനോൻ. 1957-ലും 1962-ലും ബോംബെ നോർത്തിൽ മത്സരിച്ച് പരാജയം രുചിച്ച അദ്ദേഹം മിഡ്നാപ്പുരിലും സ്ഥാനാർഥിയായി. സിറ്റിങ് എം.പി. എസ്.എൻ.മൂർത്തിയുടെ മരണത്തെത്തുടർന്ന് മിഡ്നാപ്പുരിൽ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നു. പാർട്ടിക്കുള്ളിലെ കലാപത്തിന്റെ ഭാഗമായി ബംഗാൾ മുഖ്യമന്ത്രി അജോയ് മുഖർജി കോൺഗ്രസ്സിനെ പിളർത്തി.
പുതുതായി രൂപവത്കരിക്കപ്പെട്ട ബംഗ്ലാ കോൺഗ്രസ് മിഡ്നാപുരിൽ കൃഷ്ണമേനോനെ മത്സരിപ്പിക്കാൻ തീരുമാനിച്ചു. ആ പാർട്ടിയുടെ ഭാഗമായിരുന്ന പ്രണബായിരുന്നു മേനോനെ സഹായിക്കാൻ നിശ്ചയിക്കപ്പെട്ട മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റ്. കോൺഗ്രസ്സിലെ കെ.ഡി.റോയിയെ 1,87,850 വോട്ടുകൾക്ക് കൃഷ്ണമേനോൻ പരാജയപ്പെടുത്തിയത് ചരിത്രമായി. പ്രണബിന്റെ രാഷ്ട്രീയതന്ത്രങ്ങളുടെ കൂടി വിജയമായിരുന്നു ഈ നേട്ടം. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഇന്ദിരാഗാന്ധി പ്രണബിനെ കോൺഗ്രസ്സിലേക്ക് തിരിച്ചെത്തിച്ചു. അതേവർഷം പ്രണബ് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
തമാശക്കഥകൾ കേൾക്കാൻ ഏറേ താത്പര്യമുള്ള പ്രണബിന് കേരളത്തിലെ 'തീറ്റ റപ്പായി'യാണ് ഇഷ്ടകഥാപാത്രം. ഒരു മലയാളി മാധ്യമപ്രവർത്തകൻ ഒരിക്കൽ അഭിമുഖത്തിന് ചെന്നപ്പോൾ 'റപ്പായിക്കഥകൾ അറിയില്ലേ'യെന്നായിരുന്നു പ്രണബിന്റെ ആദ്യചോദ്യം. വർത്തമാനത്തിനിടെ ഇടയ്ക്കിടെ തീറ്റ റപ്പായിയുടെ രസകരമായ വിശേഷങ്ങൾ പങ്കുവെച്ച് അദ്ദേഹം പൊട്ടിച്ചിരിച്ചു.
ബംഗാളി ഭക്ഷണത്തിൽ ഏറേ തത്പരനാണ്. എല്ലാ വർഷവും തന്റെ നാട്ടിൽ നിന്നുള്ള ലിച്ചിപ്പഴവും മാങ്ങയും കക്ഷിഭേദമില്ലാതെ പ്രണബ് എല്ലാ നേതാക്കൾക്കും അയച്ചു കൊടുക്കുമായിരുന്നു. ഒന്നാം യു.പി.എ. സർക്കാറിൽ റെയിൽവേ മന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ് മുസാഫർപുരിലെ ലിച്ചിയാണ് ബഹുകേമമെന്നു പറഞ്ഞതാണ് പ്രകോപനം. എന്നാൽ, തന്റെ നാട്ടിലെ പഴങ്ങളെ തോല്പിക്കാൻ വേറൊന്നുമില്ലെന്ന് വാദിച്ച പ്രണബ് അന്നു മുതൽ രാഷ്ട്രീയ നേതാക്കൾക്ക് ലിച്ചിയും മാങ്ങയും സമ്മാനിക്കാൻ തുടങ്ങി.
2006-ൽ പ്രതിരോധമന്ത്രി സ്ഥാനത്തു നിന്നും വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ പ്രണബ് നിയുക്തമന്ത്രി ആന്റണിയോടു പറഞ്ഞത് രസകരമാണ്. ''ആന്റണി, എന്റെ ഉറക്കമില്ലാത്ത രാത്രികൾ ഇതാ ഞാൻ നിങ്ങൾക്കു കൈമാറുന്നു.''എന്നായിരുന്നു.
പുകവലി ശീലമുണ്ടായിരുന്ന പ്രണബ് പിന്നീടതു നിർത്തി. സിഗരറ്റ് പായ്ക്കറ്റുകളിൽ അർബുദത്തെ ഓർമിപ്പിക്കുന്ന ചിത്രങ്ങൾ പതിപ്പിക്കാൻ ആദ്യ യു.പി.എ. സർക്കാറിലെ ആരോഗ്യമന്ത്രി അൻപുമണി രാംദാസ് തീരുമാനിച്ചു. പുകവലി മൂലമുള്ള കാൻസറിന്റെ ദാരുണചിത്രങ്ങളായിരുന്നു ആദ്യമൊക്കെ പായ്ക്കറ്റുകളിൽ. എന്നാൽ, ഇത്രയും നടുക്കുന്ന ചിത്രങ്ങൾ പതിപ്പിക്കരുതെന്നുള്ള പ്രണബിന്റെ വാശി വിജയിച്ചു. തന്റെ ജില്ലയിലെ ബീഡിത്തൊഴിലാളികളായിരുന്നു ഇതുപറയുമ്പോൾ പ്രണബിന്റെ മനസ്സിൽ.
https://www.facebook.com/Malayalivartha

























