യൂണിഫോമിനെ കുറിച്ചല്ല ദേശസുരക്ഷയെക്കുറിച്ചാണ് രാഷ്ട്രീയ നേതൃത്വം ചര്‍ച്ച ചെയ്യേണ്ടത്; പാര്‍ലമെന്റിന്റെ പ്രതിരോധ സ്ഥിരംസമിതിയില്‍ നിന്നും രാഹുല്‍ ഗാന്ധി ഇറങ്ങിപ്പോയി

പാര്‍ലമെന്റിന്റെ പ്രതിരോധ സ്ഥിരംസമിതിയില്‍ സായുധ സേനയുടെ യൂനിഫോമിനെക്കുറിച്ച് ദീര്‍ഘചര്‍ച്ച നടത്തി സമയം പാഴാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ദേശസുരക്ഷ സംബന്ധിച്ച സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ഘട്ടത്തില്‍ അനാവശ്യ ചര്‍ച്ചകള്‍ നടത്തി സമയം പാഴാക്കുകയാണെന്ന് ചൂണ്ടികാട്ടിയാണ് രാഹുലും മറ്റു കോണ്‍ഗ്രസ് നേതാക്കളും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത്. സൈന്യത്തിന്റെ യൂനിഫോമിനെകുറിച്ച് തീരുമാനമെടുക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ സഹായം ആവശ്യമില്ലെന്നും അത് സൈന്യത്തിന് തന്നെ ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.
വ്യത്യസ്ത റാങ്കിലുള്ളവരെ തിരിച്ചറിയുന്ന തരത്തില്‍ സൈന്യത്തിന്റെ യൂണിഫോം പരിഷ്കരിക്കണമെന്ന് ബി.ജെ.പിയുടെ രാജ്യസഭ എം.പിയാണ് ആവശ്യമുന്നയിച്ചത്. ചൈനയുടെ കടന്നു കയറ്റം, ലഡാക്കിലെ സൈനികള്‍ക്ക് മെച്ചപ്പെട്ട സംവിധാനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധിക്ക് സംസാരിക്കാന്‍ അവസരം നല്‍കിയിരുന്നില്ല. സൈനിക സ്റ്റാഫ് മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ സാന്നിധ്യത്തില്‍ കര, നാവിക, വ്യോമസേനകളുടെ യൂനിഫോം വിഷയം ചര്‍ച്ച ചെയ്യുന്ന നേരത്ത് ദേശസുരക്ഷയെക്കുറിച്ചാണ് രാഷ്ട്രീയ നേതൃത്വം ചര്‍ച്ച ചെയ്യേണ്ടതെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഇടപെടുകയായിരുന്നു. അതിന് സഭാസമിതി അധ്യക്ഷനായ ബി.ജെ.പി എം.പി ജുവല്‍ ഓറം സമ്മതിച്ചില്ല. ഇതോടെ രാഹുലും സമിതിയിലെ കോണ്‍ഗ്രസ് അംഗങ്ങളായ രാജീവ് സതവ്, രേവന്ത് റെഡി എന്നിവരും ഇറങ്ങിപ്പോവുകയായിരുന്നു.
https://www.facebook.com/Malayalivartha






















