തമിഴ് രാഷ്ട്രീയത്തില്‍ എം.ജി.ആറിന് വേണ്ടി കൂട്ടയിടി; രജനിയും കമലും ബി.ജെ.പിയും രംഗത്ത്; സ്ഥാപക നേതാവിനെ തിരിച്ചുപിടിക്കാന്‍ അണ്ണാ ഡി.എം.കെയും; എം.ജി.ആര്‍ ഇന്നും തമിഴ് ജനതയുടെ വികാരം; തിരിച്ചറിഞ്ഞ് രാഷ്ട്രീയ പാര്‍ട്ടികള്‍

തമിഴ് സിനിമ ലോകത്ത് മാത്രമല്ല തമിഴ് രാഷ്ട്രീയത്തിലും എം.ജി.ആറിന്റെ പ്രധാന്യം വളരെ വലുതാണ്. അതുകൊണ്ടു തന്നെയാണ് അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ മുന്‍ മുഖ്യമന്ത്രി എംജിആറിന്റെ രാഷ്ട്രീയ പിന്തുടര്‍ച്ചാവകാശത്തിനായി തമിഴകത്തു കൂട്ടയിടി തുടങ്ങിയത്. മരണമടഞ്ഞ് മൂന്നു പതിറ്റാണ്ടിനുശേഷവും എംജിആറിനു തമിഴ് മക്കളുടെ മനസ്സിലുള്ള സ്ഥാനം കൂടി വ്യക്തമാക്കുന്നതാണ് അദ്ദേഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന ചര്‍ച്ചകള്‍.
എംജിആര്‍ ഭരണം കൊണ്ടുവരുമെന്ന പ്രഖ്യാപനത്തോടെയാണു രജനീകാന്ത് നേരത്തെ തന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ തുറന്നു പറഞ്ഞത്. എംജിആറിന്റെ യഥാര്‍ഥ പിന്തുടര്‍ച്ചാവകാശിയെന്ന വാദവുമായി ഇപ്പോള്‍ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസനും രംഗത്തെത്തിയിരിക്കുന്നു. മുരുക ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ വെട്രിവേല്‍ യാത്രയുടെ പ്രചാരണത്തിനു ബിജെപിയും എംജിആറിന്റെ ജനപ്രീതി ഉപയോഗിച്ചു. ഇതോടെ അപകടം തിരിച്ചറിഞ്ഞ അണ്ണാ ഡിഎംകെ, പാര്‍ട്ടിയുടെ സ്ഥാപക നേതാവിനെ ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണത്തിനൊരുങ്ങുകയാണ്.
രാഷ്ട്രീയത്തിലും സിനിമയിലും ഒരുപോലെ വിജയിച്ച എംജിആര്‍ തമിഴ് ജനതയ്ക്ക് ഇന്നും വികാരമാണ്. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം പിന്നീട് ഡിഎംകെയുടെ പ്രധാന പ്രചാരകനായി. 1967ല്‍ അണ്ണാദുരൈയുടെ നേതൃത്വത്തില്‍ ഡിഎംകെ അധികാരമേറിയപ്പോള്‍ അതിനു പിന്നില്‍ എംജിആറിന്റെ താരത്തിളക്കത്തിനും പങ്കുണ്ടായിരുന്നു. എംജിആര്‍ നിയമസഭാംഗവുമായി. അണ്ണാദുരൈയുടെ മരണശേഷം കരുണാനിധിയുമായി ഇടഞ്ഞാണ് എംജിആര്‍ അണ്ണാ ഡിഎംകെ രൂപീകരിച്ചത്.
1972ല്‍ രൂപീകരിച്ച പാര്‍ട്ടി 77ല്‍ അധികാരം പിടിച്ചു. പിന്നീട് എംജിആര്‍ മരണംവരെ മുഖ്യമന്ത്രി സ്ഥാനത്തു തുടര്‍ന്നു. ഇതിനിടെ, 3 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചു. സിനിമയിലെ നക്ഷത്രമെന്നതിനൊപ്പം ഒട്ടേറെ ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയ ഭരണാകാരിയെന്നതു കൂടിയാണ് എംജിആറിനെ തമിഴരുടെ ഇഷ്ട നേതാവാക്കുന്നത്.
സിനിമയില്‍നിന്നു രാഷ്ട്രീയത്തിലെത്തുന്നവര്‍ എംജിആറിന്റെ പിന്തുടര്‍ച്ച അവകാശപ്പെടുന്നതു ഇതാദ്യമല്ല. ആരാധകര്‍ കറുത്ത എംജിആര്‍ എന്നു വിളിക്കുന്ന വിജയകാന്തും മക്കള്‍ തിലകത്തെ മാതൃകയാക്കിയാണു രാഷ്ട്രീയപ്രവേശം നടത്തിയത്. പാര്‍ട്ടി സ്ഥാപക നേതാവായ എംജിആറിനെക്കാള്‍ മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കാണു സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. 'അമ്മാ സര്‍ക്കാരെന്നാണു' മുഖ്യമന്ത്രിയുള്‍പ്പെടെ വിശേഷിപ്പിക്കുന്നതും.
https://www.facebook.com/Malayalivartha






















