നിർണായക വിധി ;വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ദീർഘകാലം പരസ്പര സമ്മതത്തോടു കൂടിയുള്ള ലൈംഗികബന്ധത്തിനു ശേഷം പിന്നീട് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതി ഉന്നയിക്കുന്നതിൽ കഴമ്പില്ലെന്നും ജസ്റ്റിസ് വിഭു ബഖ്രു വ്യക്തമാക്കി.വിവാഹ വാഗ്ദാനം നൽകി കൂടെ കഴിയുകയും പലവട്ടം ശാരീരികബന്ധത്തിലേർപ്പെടുകയും ചെയ്തശേഷം മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തയാൾക്കെതിരെ ഡൽഹി സ്വദേശി സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.മാസങ്ങളോളം ഒന്നിച്ച് താമസിക്കുകയും ശാരീരികബന്ധം തുടരുകയും ചെയ്തശേഷം അഭിപ്രായ വ്യത്യാസങ്ങൾ കാരണം പിരിയുന്നവർക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തുന്ന പ്രവണത വ്യാപകമാകുന്നെന്നും നിയമം ദുരുപയോഗം ചെയ്യുകയാണെന്നും കോടതി നിരീക്ഷിച്ചു.അതെ സമയം നേരത്തെ സമ്മതത്തോടെയുള്ള ബന്ധത്തിൽ അസ്വാരസ്യം ഉണ്ടാകുമ്പോഴാണു പലപ്പോഴും സ്ത്രീകൾ ബലാത്സംഗ കേസുകൾ ഫയൽ ചെയ്യുന്നതെന്ന വിവാദ പരാമർശവുമായി ഛത്തീസ്ഗഡ് വനിത കമ്മിഷൻ അധ്യക്ഷ കിരൺമയീ നായക് രംഗത്ത് വന്നിരുന്നു .
വലിയൊരു ശതമാനം പീഡനക്കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്ന യാഥാർഥ്യം നിലനിൽക്കുമ്പോഴാണു പരാതിയുമായി മുന്നോട്ടു വരുന്നവരെ നിരുത്സാഹപ്പെടുത്തുന്ന നിലപാട് വനിതാ കമ്മിഷൻ സ്വീകരിച്ചതെന്നാണു വിമർശനം.‘വിവാഹിതനായ പുരുഷൻ ഒരു പെൺകുട്ടിയെ ബന്ധത്തിനു പ്രലോഭിപ്പിക്കുകയാണെങ്കിൽ, ആ പുരുഷൻ കള്ളം പറയുകയാണോ, അതിജീവിക്കാൻ സഹായിക്കുമോ ഇല്ലയോ എന്നുള്ള കാര്യങ്ങൾ അവൾ മനസ്സിലാക്കണം. അങ്ങനെയല്ലാത്ത കേസുകളിലാണ് ഇരുവരും, കൂടുതലും സ്ത്രീകൾ, പൊലീസിനെ സമീപിക്കുന്നത്. മിക്ക കേസുകളിലും പെൺകുട്ടികൾക്കു സമ്മതത്തോടെയുള്ള ബന്ധമുണ്ടെന്നു കാണാം. ഒരുമിച്ചു ജീവിക്കുകയും വേർപിരിയലിനുശേഷം ബലാത്സംഗത്തിന് എഫ്‌ഐആർ ഫയൽ ചെയ്യുകയുമാണ്’– കിരൺമയീ പറഞ്ഞു .സ്ത്രീകളെ ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ടു ബിലാസ്പുരിൽ നടന്ന പൊതു ഹിയറിങ്ങിനിടെ ഉയർന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു വനിത കമ്മിഷൻ അധ്യക്ഷ. സാധ്യമായ രീതിയിൽ പരമാവധി ഗാർഹിക തർക്കങ്ങൾ പരിഹരിക്കുന്നതിനാണു കമ്മിഷൻ ശ്രമിക്കുന്നത്. ഇതിനായി പലപ്പോഴും സ്ത്രീകളെയും പുരുഷന്മാരെയും ശകാരിക്കുകയും അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യും. ഒരു തരത്തിൽ കൗൺസലിങ്ങാണിത്.
https://www.facebook.com/Malayalivartha






















