ഹത്രസ് പീഡനക്കേസ്; ജില്ലാ മജിസ്ട്രേറ്റ് ഉൾപ്പെടെ 16 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ഹത്രസില്‍ ദലിത് യുവതി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് 16 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഹത്രസ് ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്സ്കര്‍ അടക്കമുള്ളവര്‍ക്കെതിരെയാണു നടപടി. ജില്ലാ മജിസ്ട്രേറ്റിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാതെ കേസില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കുന്നത് എങ്ങനെയെന്ന് അലഹാബാദ് ഹൈക്കോടതിയിലെ ലക്നൗ ബെഞ്ച് ആശങ്ക രേഖപ്പെടുത്തിയിരുന്നു. കോടതിയുടെ പരാമര്‍ശത്തിന് ആഴ്ചകള്‍ക്കു ശേഷമാണു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
പ്രവീണ്‍ കുമാര്‍ ലക്സ്കറിനെ മിര്‍സാപുരിലേക്കാണു മാറ്റിയത്. യുപി ജല്‍നിഗം അഡിഷനല്‍ എംഡി രമേഷ് രഞ്ജനാണു പകരം നിയമനം. ഉയര്‍ന്ന ജാതിയില്‍പ്പെട്ട നാലു യുവാക്കള്‍ ക്രൂരമായി പീഡിപ്പിച്ചതിനെ തുടര്‍ന്നു ദലിത് യുവതി മരണപ്പെട്ടതോടെയാണു ലക്സ്കര്‍ വിവാദത്തിലായത്. ഡല്‍ഹിയിലെ ആശുപത്രിയില്‍ മരിച്ച യുവതിയുടെ മൃതദേഹം അര്‍ധരാത്രിയില്‍ ബലമായി ജില്ലാ ഭരണകൂടം സംസ്കരിച്ചതു വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അന്ത്യകര്‍മങ്ങള്‍ക്കുപോലും അനുവദിക്കാതെയാണു ജില്ലാ ഭരണകൂടം മൃതദേഹം ധൃതിപിടിച്ചു സംസ്കരിച്ചതെന്നു കുടുംബം ആരോപിച്ചു.
സംഭവത്തില്‍ ജില്ലാ മജിസ്ട്രേറ്റിനെതിരെ സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും എടുത്തില്ലെന്നു നവംബറില്‍ കോടതി വിമര്‍ശിച്ചിരുന്നു. ഗൊണ്ട ജില്ലാ മജിസ്ട്രേറ്റ്, നോയിഡ അഡിഷനല്‍ സിഇഒ, ഫത്തേപുര്‍ ജില്ലാ മജിസ്ട്രേറ്റ് തുടങ്ങിയവരും സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടികയിലുണ്ട്. ഹത്രസ് പീഡനത്തെ തുടര്‍ന്നു യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധമാണ് രാജ്യത്ത് നടന്നത്.
https://www.facebook.com/Malayalivartha

























