ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണം; സൈനികന് വീരമൃത്യു

ജമ്മു കശ്മീരിലെ രജൗറി ജില്ലയില്‍ നിയന്ത്രണ രേഖയില്‍ പാക് സൈന്യത്തിന്റെ ആക്രമണം. ഒരു ഇന്ത്യന്‍ സൈനികന്‍ വീരമൃത്യു വരിച്ചു. ഷെല്ലാക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ സുബേദാര്‍ രവീന്ദറാണ് പിന്നീട് മരിച്ചതെന്ന് സൈനിക വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ പാക് സൈന്യം വെടിയുതിര്‍ക്കുകയും ഷെല്ലാക്രമണം നടത്തുകയുമായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് 3.30 മുതല്‍ 5.30 വരെയാണ് നൗഷേര സെക്ടറിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കി പാക് സൈന്യം വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്. പാക് പ്രകോപനത്തിന് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കി. ധൈര്യവും ആത്മാര്‍ഥതയും ഊര്‍ജസ്വലതയുമുള്ള സൈനികനായിരുന്നു വീരമൃത്യു വരിച്ച രവീന്ദറെന്ന് സൈനിക വക്താവ് പറഞ്ഞു. അദ്ദേഹത്തിന്റെ ജീവത്യാഗത്തിന് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയന്ത്രണ രേഖയില്‍ 5100 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണ് പാക്കിസ്ഥാന്‍ 2020 ല്‍ നടത്തിയത്. 18 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണ് പോയവര്‍ഷം നടത്തിയത്. ശരാശരി 14 സംഭവങ്ങളാണ് ഓരോ ദിവസവും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. 24 സുരക്ഷാ സൈനികരടക്കം 36 പേര്‍ക്ക് പാക് വെടിവെപ്പിനിടെ ജീവന്‍ നഷ്ടപ്പെട്ടു. 130 പേര്‍ക്കാണ് പരിക്കേറ്റതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
https://www.facebook.com/Malayalivartha

























