പ്രധാനമന്ത്രിക്ക് കത്തെഴുതി വെച്ചശേഷം കർഷകൻ ആത്മഹത്യ ചെയ്തു; 87000 രൂപ വൈദ്യുതി കുടിശ്ശിക ഉണ്ടായതിനെ തുടർന്നാണ് മുനേന്ദ്ര ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ, തന്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും വിറ്റ് കുടിശ്ശിക തിരിച്ചടയ്ക്കണമെന്ന് പ്രധാനമന്ത്രിയോട് കർഷകൻ

പ്രധാനമന്ത്രിക്ക് കത്തെഴുതി വെച്ചശേഷം കർഷകൻ ആത്മഹത്യ ചെയ്തു.... കർഷകന്റെ ഈ പ്രവർത്തിയിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് രാജ്യം. വൈദ്യുതി വിതരണ കമ്പനി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് കർഷകൻ ആത്മഹത്യ ചെയ്യുകയായിരുന്നു .മദ്ധ്യപ്രദേശിലെ ഛത്തർപുരിലാണ് സംഭവം നടന്നത്. മുപ്പത്തഞ്ചുകാരനായ മുനേന്ദ്ര രജപുത് ആണ് ആത്മഹത്യ ചെയ്തത് . പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിവച്ച ശേഷമാണ് മുനേന്ദ്ര ജീവനൊടുക്കിയത്. തന്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും വിറ്റ് കുടിശ്ശിക തിരിച്ചടയ്ക്കണമെന്നാണ് പ്രധാനമന്ത്രിയ്‌ക്കെഴുതിയ കുറിപ്പിൽ മുനേന്ദ്ര പറയുന്നത്.
87000 രൂപ വൈദ്യുതി കുടിശ്ശിക ഉണ്ടായതിനെ തുടർന്നാണ് മുനേന്ദ്ര ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു. 'രാഷ്ട്രീയക്കാരും വ്യവസായികളും അഴിമതി നടത്തുമ്പോൾ ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ല, അവർക്ക് എളുപ്പത്തിൽ വായ്പ ലഭിക്കുന്നു. തിരിച്ചടച്ചില്ലെങ്കിൽ എഴുതി തള്ളുന്നു. എന്നാൽ പാവപ്പെട്ടവൻ എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയാൽ അവനെ അപമാനിക്കുന്നു' എന്നാണ് മുനേന്ദ്രയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നത്. മൂന്ന് പെൺമക്കളും ഒരാൺകുട്ടിയുമാണ് കർഷകന് ഉള്ളത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം രാജ്യത്ത് കർഷക സമരം തുടരുകയാണ്. കേന്ദ്ര സർക്കാരുമായി തിങ്കളാഴ്ച നടത്തുന്ന ചർച്ചയും പരാജയപ്പെട്ടാൽ സമരം ഇനിയും ശക്തമാക്കുമെന്ന് കർഷക സംഘടനകൾ, അറിയിച്ചു. മൂന്ന് കർഷക നിയമങ്ങളും പിൻവലിക്കുക, താങ്ങുവില സംബന്ധിച്ച നിയമസാധുതയുള്ള ഉറപ്പ് നൽകുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കാത്തപക്ഷം ജനുവരി ആറ് മുതൽ സമരം ശക്തമാക്കുമെന്ന് കർഷക സംഘടനകൾ വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുചെയ്തു.
കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിൽ കുറഞ്ഞതൊന്നും തങ്ങൾക്ക് സ്വീകാര്യമല്ല. 50 ശതമാനം പ്രശ്നങ്ങളും പരിഹരിച്ചുവെന്ന വാദം അടിസ്ഥാന രഹിതമാണ്. രണ്ട് പ്രധാന ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടിട്ടില്ല. താങ്ങുവില സംബന്ധിച്ച ഉറപ്പ് നൽകുന്നകാര്യം കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകരിച്ചിട്ടു പോലുമില്ല - ജെയ് കിസാൻ ആന്ദോളൻ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. കർഷക നേതാക്കളുമായി സിൻഹു അതിർത്തിയിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ജനുവരി നാലിന് നടക്കുന്ന ചർച്ച പരാജയപ്പെട്ടാൽ ജനുവരി ആറിന് കർഷകർ ട്രാക്ടർ മാർച്ച് നടത്തും. ഡിസംബർ 31 ന് ട്രാക്ടർ മാർച്ച് നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും ഡിസംബർ 30 ന് നടക്കുന്ന ചർച്ചയുടെ പശ്ചാത്തലത്തിൽ മാർച്ച് മാറ്റിവെക്കുകയായിരുന്നു. തിങ്കളാഴ്ച നടക്കുന്ന ചർച്ചയുടെ വിജയമോ പരാജയമോ ആയിരിക്കും പ്രക്ഷോഭത്തിന്റെ ഭാവി നിശ്ചയിക്കുകയെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു.
പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിന് പകരം മറ്റെന്ത് ചെയ്യണമെന്ന് നിർദ്ദേശിക്കാൻ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ കഴിഞ്ഞ ചർച്ചയ്ക്കിടെ കർഷക സംഘടനകളോട് ആവശ്യപ്പെട്ടിരുന്നു. താങ്ങുവില സംബന്ധിച്ച ചർച്ച നടത്താൻ സമിതി രൂപവത്കരിക്കുന്ന കാര്യവും കൃഷിമന്ത്രി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇവ രണ്ടും കർഷക സംഘടനകൾ തള്ളുകയാണ് ഉണ്ടായത്.
പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭയെ കർഷക സംഘടനകൾ അഭിനന്ദിക്കുകയും ചെയ്തിരുന്നു. അതിനിടെ, കർഷക പ്രക്ഷോഭത്തെ കേന്ദ്ര സർക്കാർ നിസാരമായാണ് കാണുന്നതെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് യുദ്ധ്വീർ സിങ് പറഞ്ഞു. ഷഹീൻബാഗിൽ സിഎഎ വിരുദ്ധ പ്രക്ഷോഭം നടത്തിയവരെ സർക്കാരിന് നീക്കാൻ കഴിഞ്ഞു. തങ്ങളെയും അതുപോലെ നീക്കം ചെയ്യാം എന്നാണ് കേന്ദ്ര സർക്കാർ കരുതുന്നത്. എന്നാൽ അത് നടക്കാൻ പോകുന്നില്ല. ജനുവരി നാലിന് നടക്കുന്ന ചർച്ച പരാജയപ്പെട്ടാൽ സമരം ശക്തമാക്കുകതന്നെ ചെയ്യാനായിരിക്കും തീരുമാനം.
https://www.facebook.com/Malayalivartha

























